അലി മന്ത്രിയാകുന്നതിനെക്കുറിച്ചറിയില്ല: ചാണ്ടി

ധാരണകളില്ലാതെ ലീഗ് എടുത്തുചാട്ടം നടത്തിയതിനെ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. കേരളകോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്നകാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നും മാണി പ്രഖ്യാപിച്ചു. പ്രശ്‌നപരിഹാരത്തിനായി ലീഗ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ഞായറാഴ്ച വൈകീട്ട് ചര്‍ച്ച നടത്തിയെങ്കിലും അത് ലക്ഷ്യം കണ്ടില്ല.
ചര്‍ച്ചയില്‍ നാലു മന്ത്രിസ്ഥാനമാണു ലീഗിനു നീക്കിവച്ചിരുന്നത്. ഇതില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായ സാഹചര്യത്തില്‍ മൂന്നു മന്ത്രിമാരെയാണു ലീഗ് പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാല്‍ മഞ്ഞളാംകുഴി അലിയെക്കൂടി ഉല്‍പ്പെടുത്തി നാലു മന്ത്രിമാരുടെ പേരാണ് ലീഗ് പ്രഖ്യാപിച്ചത്.
മന്ത്രിമാരെ തീരുമാനിക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച രാത്രി ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചു മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യം ലീഗ് ഉന്നയിച്ചെങ്കിലും പറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിനുശേഷമാണു ലീഗ് നേതൃയോഗം ചേര്‍ന്ന് അഞ്ചു മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചത്. പാര്‍ലമെന്ററികാര്യ മന്ത്രിസ്ഥാനത്തിനായാണ് മഞ്ഞളാംകുഴി അലിയെ പരിഗണിക്കുന്നതെന്നായിരുന്നു ലീഗിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ സ്ഥാനം കേരള കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടതാണ്. പിസി ജോര്‍ജ്ജിനെ മന്ത്രിയാക്കാനാണ് മാണിയുടെ പദ്ധതി.
എന്നാല്‍ ഇതില്‍ തര്‍ക്കമുണ്ടായതോടെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററികാര്യമന്ത്രി എന്നിവയിന്‍മേല്‍ പിന്നീടു തീരുമാനമെടുക്കാനായി മാറ്റുയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്നും പാര്‍ലമെന്ററികാര്യം വേണമെന്നുമുള്ള കടുത്ത നീലപാടിലാണ് മാണി. ലീഗ് മന്ത്രിപ്പട്ടിക പ്രഖ്യാപിച്ചശേഷം കെ.എം. മാണി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.
തിങ്കളാഴ്ച തലസ്ഥാനത്തെത്തുന്ന മാണി കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ കാര്യത്തില്‍ യുഡിഎഫ്. തീരുമാനമെടുക്കുമെന്നാണു രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. അഞ്ചു മന്ത്രിസ്ഥാനം ലീഗിനു കൊടുത്താല്‍ ഒരു മന്ത്രിസ്ഥാനംകൂടി കേരള കോണ്‍ഗ്രസിനു നല്‍കേണ്ടിവരും. എന്നാല്‍ പ്രഖ്യാപിത മന്ത്രിസഭയില്‍ 21 അംഗളാണ് ഉള്ളത്, ഈ എണ്ണത്തില്‍ വ്യത്യാസം വരുത്താനും കഴിയില്ല. മന്ത്രിമാരെ നിശ്ചയിക്കുന്നത് അതതു പാര്‍ട്ടിയാണെങ്കിലും വകുപ്പുകള്‍ വീതിച്ചു നല്‍കുന്നതു മുഖ്യമന്ത്രിയാണ്.
എന്നാല്‍ മന്ത്രിമാരെ പ്രഖ്യാപിച്ച ലീഗ് നേതൃത്വം അവരുടെ വകുപ്പുകള്‍ വരെ പരസ്യപ്പെടുത്തുകയാണുണ്ടായത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലും യുഡിഎഫില്‍ മൊത്തത്തിലും അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മുന്നണിയിലെ രണ്ടാമത്ത വലിയ കക്ഷിയായ ലീഗിനെ പിണക്കാന്‍ കോണ്‍ഗ്രസ് തയാറുമല്ല.












Click it and Unblock the Notifications