സീറ്റ് വിവാദം: രമേശിന് പിന്നാലെ മുന്‍ എംഎല്‍എ
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിന്റെ മകള്‍ക്ക് പരിയാരം സഹകരണ മെഡിക്കല്‍ കോളെജില്‍ എന്‍ആര്‍ഐ സീറ്റ് ലഭിച്ചതു സംബന്ധിച്ച വിവാദം അവസാനിയ്ക്കും മുമ്പ് സിപിഎമ്മില്‍ വീണ്ടും സീറ്റ് വിവാദം. ഇത്തവണ മുന്‍ എംഎല്‍എയായ വിഎന്‍ വാസവന്റെ മകള്‍ സീറ്റ് നേടിയതായി വിവാദമാകുന്നത്.
ഗോകുലം മെഡിക്കല്‍ കോളെജില്‍ 2007-08 കാലത്താണ് വാസവന്റെ മകള്‍ പ്രവേശനം നേടിയത്. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാതെയാണ് പ്രവേശനം നേടിയതെന്നാണ് ആരോപണം. ഇക്കാലഘട്ടത്തില്‍ വാസവന്‍ നിയമസഭാംഗമായിരുന്നു.
മെഡിക്കല്‍ കൌണ്‍സിലിന്റെ മാനദണ്ഡം അനുസരിച്ച് എംബിബിഎസ് സീറ്റിനു പ്രവേശന പരീക്ഷയില്‍ 50% മാര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ 960ല്‍ 147.4 മാര്‍ക്ക് മാത്രമുള്ള വിദ്യാര്‍ഥിനിയെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആ വര്‍ഷം ഇത്തരത്തില്‍ യോഗ്യത നേടാത്ത 20കുട്ടികള്‍ക്കാണ് ഗോകുലം മെഡിക്കല്‍ കോളെജില്‍ പ്രവേശനം ലഭിച്ചത്. ഇതു പിന്നീടു മെഡിക്കല്‍ കൌണ്‍സില്‍ കണ്ടെത്തുകയും ഇവരെ 20 പേരെയും പുറത്താക്കുകയും ചെയ്തിരുന്നു.
കുറെക്കാലം ഇവര്‍ക്കു പുറത്തു നില്‍ക്കേണ്ടിവന്നുവെങ്കിലും മാനേജ്‌മെന്റിന്റെ ശ്രമഫലമായി പിന്നീട് ഇവരെ തുടര്‍ന്നും പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ യോഗ്യതയില്ലാതിരുന്നിട്ടും ഇവര്‍ക്കു മെഡിക്കല്‍ കൌണ്‍സിലിന്റെ അനുമതിയും ലഭിച്ചു.
2007-08 വര്‍ഷം കേരളത്തിലെ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റിലും നിശ്ചിത യോഗ്യത നേടാത്ത വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരുന്നു. ഇവരെയും മെഡിക്കല്‍ കൌണ്‍സില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു സിപിഎം നേതാവിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവരുടെ അഡ്മിഷനു മാത്രം മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്.
വിവി രമേശനെതിരെ പാര്‍ട്ടിയില്‍ത്തന്നെ ഉയരുന്ന വിമര്‍ശനങ്ങളെ എങ്ങനെ തടുക്കുമെന്നറിയാതെ നേതാക്കള്‍ നട്ടംതിരിയുമ്പോഴാണ് അടുത്ത നേതാവിന്റെ മകളുടെ കോളെജ് പ്രവേശനവും വിവാദമായിരിക്കുന്നത്. രമേശനെ പുറത്താക്കണമെന്ന വാദം ഡിവൈഎഫ്‌ഐയില്‍ ശക്തമാവുകയാണ്.












Click it and Unblock the Notifications