സൈനികോദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹത്തട്ടിപ്പ്
കൊച്ചി: സൈനിക ഉദ്യോഗസ്ഥാന്‍ ചമഞ്ഞ് വനിതാ പൊലീസുള്‍പ്പെടെ പത്തുപേരെ കബളിപ്പിച്ചു വിവാഹം ചെയ്ത വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. പുനലൂര്‍ മണിയാര്‍ ഇടശേരിക്കുറ്റിയില്‍ ജി. മാത്യു (50) ആണ് അറസ്റ്റിലായത്.
ഇടക്കൊച്ചിയില്‍ ഒരു പെണ്‍കുട്ടിയെ കബളിപ്പിച്ചു വിവാഹത്തിനു തയാറെടുക്കവെയാണു വെള്ളിയാഴ്ച ഷാഡോ പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന പള്ളുരുത്തിയിലെ എലൈറ്റ് ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
സോമന്‍, ചാള്‍സ് ജോര്‍ജ്, സോമന്‍ നായര്‍, തോമസ് മാത്യു തുടങ്ങി പല പേരിലായിരുന്നു ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നത്. ഇന്ത്യന്‍ മിലിട്ടറി ഓര്‍ഡനന്‍സ് ഫാക്ടറി സര്‍വീസസിലെ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥന്‍ എന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു തട്ടിപ്പ്.
തന്റെ ഓഫീസ് ജബല്‍പൂരിലാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ആളുകളെ വിശ്വസിപ്പിക്കാനായി സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോപതിച്ച ലെറ്റര്‍ഹെഡ് എന്നിവ തയ്യാറാക്കിയിരുന്നു. സ്ഥാപനത്തിന്റെ നിജസ്ഥിതിയെ കുറിച്ചു പൊലീസ് അന്വേഷിക്കുകയാണ്.
പത്രങ്ങളില്‍ വരുന്ന വിവാഹപരസ്യങ്ങള്‍ നോക്കി അതിലെ മേല്‍വിലാസത്തില്‍ വീട്ടുകാരുമായി ബന്ധപ്പെടുരയും വിവാഹം തരപ്പെടുത്തുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.
ഇടക്കൊച്ചിയില്‍ വിവാഹം ഉറപ്പിച്ചശേഷം 10,000 രൂപ ആവശ്യപ്പെട്ടു. ഇതിനിടെ ഇയാളെക്കുറിച്ച് വധുവിന്റെ വീട്ടുകാര്‍ക്ക് വിവരം കിട്ടി. ഉടന്‍ അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍, മണിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications