പ്രായശ്ചിത്തത്തിനിടെ ക്ഷേത്രംട്രസ്റ്റി കുഴഞ്ഞുവീണു

പ്രായശ്ചിത്ത ചടങ്ങുകള്‍ക്കിടയില്‍ ഭക്തജനങ്ങളെ തടഞ്ഞു നിര്‍ത്തിയെന്നാരോപിച്ച് ശക്തമായ പ്രതിഷേധവുമുണ്ടായി. ഒട്ടേറെ ഭക്തരും പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയെങ്കിലും കുറച്ചുപേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനായത്, ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ദേവഹിതമറിയാനുള്ള അഷ്ടമംഗല ദേവപ്രശ്‌നത്തിനിടയില്‍ ഭക്തരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ജ്യോതിഷികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തില്‍ ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിശ്ചയിച്ച പ്രധാന ചടങ്ങാണ് വിളിച്ചുചൊല്ലി പ്രായശ്ചിത്തം. ഇതിനിടെയും പ്രശ്‌നങ്ങളും അശുഭലക്ഷണങ്ങളുമുണ്ടായത് ഭക്തജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പരിഹാരകര്‍മങ്ങളുടെ തുടക്കമായാണ് വെള്ളിയാഴ്ച ഈ ചടങ്ങ് നടത്തിയത്. ഇതില്‍ ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കാം എന്ന് ക്ഷേത്രാധികാരികള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. പരിഹാരകര്‍മങ്ങളില്‍ ഭക്തര്‍ക്ക് കൂടി പങ്കെടുക്കാന്‍ അവസരമുള്ള അപൂര്‍വ ചടങ്ങാണിത്.
വെള്ളിയാഴ്ച രാവിലെ എട്ടേ കാലോടെ ഒറ്റക്കല്‍ മണ്ഡപത്തിന് മുന്നില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും മറ്റ് രാജകുടുംബാംഗങ്ങളും പ്രായശ്ചിത്ത കര്‍മങ്ങള്‍ ചെയ്തു.
ഈ ചടങ്ങ് സ്ഥലത്തേക്ക് വരികയായിരുന്ന ജനാര്‍ദന അയ്യര്‍ കുഴഞ്ഞുവീണ് മുഖത്ത് പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹം ഭദ്രദീപപ്പുരയില്‍ നടന്ന പൂജ തൊഴുത് ശ്രീകോവിലിലേക്ക് വരുന്നതിനിടയിലാണ് ചുറ്റമ്പലത്തില്‍ കുഴഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ് മൂക്കില്‍നിന്നും വായില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ഷേത്ര അധികാരികളുടെ അറിയിപ്പനുസരിച്ച് നിരവധി ഭക്തര്‍ പ്രായശ്ചിത്ത ചടങ്ങുകള്‍ക്കായി എത്തിയിരുന്നു. അന്യസംസ്ഥാനത്ത് നിന്നും ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കൊപ്പം ചടങ്ങിനെത്തിയവരെയും മാറ്റിനിര്‍ത്തുകയായിരുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.












Click it and Unblock the Notifications