സന്യാസിനിയുടെ മരണം; പൂജാരി അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പൂജാരി പൊന്നുസാമി എന്ന ദേവരാജനെ(55) പൊലീസ് അറസ്റ്റുചെയ്തു. നേരത്തേ സന്യാസിനിയുടെ മരണം സ്വാഭാവിക മരണമാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.
സ്വാമിനി പൊന്നുഅമ്മ (പൊന്നമ്മ സ്വാമി 78)യെ ഓഗസ്റ്റ് 22ന് ചൊവ്വാഴ്ച വൈകിട്ടാണ് ക്ഷേത്രത്തോടു ചേര്‍ന്ന കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കംമുതല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്ന പൂജാരി ആദ്യം സംഭവം മറച്ചുവെച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പൂജാരിയോടൊപ്പം പിടിയിലായ നെടുങ്കണ്ടം കൈലാസപ്പാറ ഹരിക്കു കേസുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിനാല്‍ വിട്ടയച്ചു.
സ്വാമിനിയുടെ മരണശേഷം ക്ഷേത്രത്തിന്റെ നടത്തിപ്പും സ്വത്തുക്കളുടെ വിനിയോഗവും സ്വതന്ത്രമായി നടത്താമെന്ന ചിന്തയാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു ജില്ലാ പൊലീസ് മേധാവി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
രോഗബാധിതയായി കഷ്ടപ്പെടുന്ന സ്വാമിനിയുടെ ദയനീയ സ്ഥിതിയില്‍ വിഷമം തോന്നിയാണു കൊലപ്പെടുത്തിയതെന്നാണു പ്രതിയുടെ മൊഴി. എന്നാല്‍, പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല.
സംസ്‌കാരത്തിനായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ക്ഷേത്രത്തിലെ സ്വര്‍ണാഭരണങ്ങളും പണവും ആധാരങ്ങളും ഉള്‍പ്പെടുന്ന പെട്ടിയുമായി കടക്കാന്‍ ശ്രമിച്ച പൂജാരിയും സഹായിയും പിടിയിലായതും ശ്വാസംമുട്ടിയാണു സ്വാമിനി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കണ്ടെത്തലും അന്വേഷണത്തില്‍ നിര്‍ണായകമായി.
നാലുവര്‍ഷത്തിലേറെയായി സന്ധിവാതം പിടിപെട്ടു കാലുകള്‍ തളര്‍ന്ന് അവശനിലയിലായിരുന്നു സ്വാമിനി. 40 വര്‍ഷം മുന്‍പു ഭര്‍ത്താവ് മരിച്ച സ്വാമിനി ബന്ധുക്കളുമായി അടുപ്പത്തിലായിരുന്നില്ല. കല്‍പ്പണിക്കായി നെടുങ്കണ്ടത്തെത്തിയ പൊന്നുസ്വാമി സ്വാമിനിയുമായി പരിചയത്തിലാകുകയും അവിടെ താമസം ആരംഭിക്കുകയുമായിരുന്നു.
മറ്റൊരു സമുദായത്തില്‍പ്പെട്ട പൊന്നുസ്വാമി, ദേവരാജന്‍ എന്ന പേര് ഉപേക്ഷിച്ചു മതംമാറുകയും ചെയ്തു. ഇതിനുശേഷമാണ് ഇയാള്‍ പൂജാരിയായത്.
ക്ഷേത്രം ഇരിക്കുന്ന ടൌണിലെ രണ്ടര സെന്റ് സ്ഥലവും സമീപത്തുള്ള ഒരേക്കറോളം സ്ഥലവും പൊന്നുസ്വാമിക്ക് സ്വാമിനി 1985ല്‍ ഇഷ്ടദാനമായി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications