എപ്പോഴാണ് വായ്പ എടുക്കേണ്ടത്?
അഞ്ചോ ആറോ മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഇത്തരത്തില്‍ ഒരു വായ്പയെടുക്കാന്‍ പോവുന്നതാണ് നല്ലത്. ഇത്തരത്തില്‍ വായ്പയെടുക്കുന്ന പലരും ചെയ്യുന്ന ഒരു വിഡ്ഢിത്തമുണ്ട്. ഓഹരി ജാമ്യത്തില്‍ പണമെടുത്ത് വീണ്ടും ഓഹരി വാങ്ങും.
പല ബാങ്കുകളും വായ്പ നല്‍കുന്നതിനുള്ള നിബന്ധനകളില്‍ പണം ഉപയോഗിച്ച് ഓഹരികള്‍ വാങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇന്‍ഫോസിസ് ഓഹരികളുടെ വിലയില്‍ നല്ല കുറവുണ്ട്. കുറച്ചു പണം കിട്ടിയിരുന്നെങ്കില്‍ വാങ്ങാമായിരുന്നു എന്നു കരുതി കടം വാങ്ങുന്നവന്‍ വിപണിയുടെ താഴോട്ടിറങ്ങിയാല്‍ കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും.
ഓഹരിയുടെ 50 ശതമാനമാണ് കടം കിട്ടുന്നത്. ഓഹരി മൂല്യത്തില്‍ കുറവ് വരുമ്പോള്‍ പണം കെട്ടുകയോ ഓഹരി വില്‍ക്കുകയോ ചെയ്യേണ്ടി വരും. മാന്ദ്യത്തിനു സമാനമായ വിപണി തുടര്‍ന്നാല്‍ നിക്ഷേപകന്‍ വെള്ളം കുടിക്കുമെന്ന കാര്യം തീര്‍ച്ച. കാരണം നമുക്കു പണം തരുന്നത് അപ്പോഴത്തെ മാര്‍ക്കറ്റ് വാല്യു അനുസരിച്ചാണ്. വില കുറഞ്ഞാല്‍ ആ വ്യത്യാസം എത്രയാണോ അതടക്കാന്‍ കടമെടുക്കുന്നവന്‍ ബാധ്യസ്ഥനാണ്.
ഒന്നു കൂടി വ്യക്തമാക്കാം. രണ്ടു ലക്ഷം രൂപ വിലയുള്ള ഓഹരി വച്ച് ഒരു ലക്ഷം രൂപ കടം വാങ്ങിയെന്നിരിക്കട്ടെ. ഓഹരിയുടെ വില കുറഞ്ഞ ഒന്നര ലക്ഷം ആയാല്‍ അതിന്റെ 50 ശതമാനം മാത്രമാണ് നമുക്കുള്ള ലോണ്‍. അപ്പോള്‍ അധികം തന്ന 25000 രൂപ നമ്മള്‍ ബാങ്കില്‍ തിരിച്ചു കെട്ടണം.
അല്ലെങ്കില്‍ അതിനായി കൂടുതല്‍ ഷെയറുകള്‍ പണയം വയ്ക്കണം. പണവും ഷെയറുകളും കൈയിലില്ലെങ്കില്‍ ജാമ്യമായി നല്‍കിയ ഷെയറുകള്‍ വിറ്റ് ബാങ്ക് പണം എടുക്കും. കാരണം ബാങ്കിന് അതിനുള്ള പവര്‍ ഓഫ് അറ്റോണി നമ്മള്‍ നല്‍കുന്നുണ്ട്.
ഓഹരി വച്ച് കടം വാങ്ങാവുന്ന ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷമാണ്. കൂടിയത് 20 ലക്ഷവും. ഒരു വര്‍ഷത്തേക്കാണ് പരമാവധി കടം കിട്ടുക. അതിനുശേഷം വേണമെങ്കില്‍ പുതുക്കാം. പ്രോസസിങ് ചാര്‍ജ്, വണ്‍ടൈം ഫീ, റിന്യൂവല്‍ ചാര്‍ജ്, ഗവണ്‍മെന്റ് ലെവി, സര്‍വീസ് ടാക്‌സ് എന്നിവ കൂടി പരിശോധിക്കണം. ഏറ്റവും എളുപ്പത്തില്‍ കിട്ടാവുന്ന ലോണുകളിലൊന്നാണിത്. അതുകൊണ്ടു തന്ന കടം വാങ്ങുന്നതിനുവേണ്ടി ഒരിക്കലും കടം വാങ്ങരുത്.












Click it and Unblock the Notifications