ചിപ്പിനുള്ളില്‍ ക്യാമറയോ?
ബീമാപള്ളി: സോപ്പിനുള്ളില്‍ ഇലക്ട്രോണിക് ചിപ്പ് വച്ച് സര്‍വ്വേ നടത്തിയതില്‍ ദൂരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുമ്പോഴും സര്‍വ്വേയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണോ സോപ്പിനുള്ളില്‍ ഇലക്ട്രോണിക് ചിപ്പ് വച്ചതെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഇലക്ട്രോണിക് ചിപ്പിന് ദൃശ്യങ്ങള്‍ പകര്‍ത്താനാവില്ലെന്നും ശബ്ദം മാത്രമേ റെക്കോര്‍ഡ് ചെയ്യാനാവൂ എന്നാണ് സര്‍വ്വേ നടത്തിയവരുടെ വിശദീകരണം.
30 വീട്ടുകാരില്‍ മാത്രമേ സര്‍വ്വേ നടത്തിയിട്ടുള്ളൂ. സര്‍വ്വേയില്‍ പങ്കെടുത്ത വീട്ടുകാരെ സാക്ഷികളാക്കി മാത്രമേ ചിപ്പില്‍ നിന്ന് വിവരം ശേഖരിയ്ക്കുകയുള്ളൂവെന്നും സര്‍വ്വേ നടത്തിയ സംഘം അറിയിക്കുന്നു.
ഒരു ലോകോത്തര സോപ്പ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയാണ് തീരദേശമേഖല കൂടിയായ ഇവിടെ സര്‍വേ നടത്തിയതെന്നാണ് സൂചന. വെള്ളിയാഴ്ച മുതലാണ് ഒരു വിദേശി ഉള്‍പ്പെട്ട സംഘം സര്‍വേയ്ക്കായി പ്രദേശത്ത് എത്തിയത്.
രണ്ട് സോപ്പുകളും ഒരു മഗ്ഗും ആണ് ഇവര്‍ ഓരോ വീടുകളിലും വിതരണം ചെയ്തത്. വിദേശ നിര്‍മ്മിത ഹൈ സെന്‍സിറ്റീവ് സെന്‍സര്‍ ആണ് സോപ്പിനകത്ത് ഒളിച്ചുവച്ചിരിക്കുന്നത്.
മഗ്ഗിനകത്ത് ഒട്ടിച്ച നിലയിലാണ് ചിപ്പ് ഉള്ളത്. കുട്ടികള്‍ക്ക് വെള്ള നിറത്തിലുള്ള സോപ്പും മുതിര്‍ന്നവര്‍ക്ക് ചുവപ്പു നിറത്തിലുള്ള സോപ്പുമാണ് സര്‍വ്വേയ്ക്കായി ഇവര്‍ നല്‍കിയത്.
സര്‍വ്വേയില്‍ പങ്കെടുത്ത വീട്ടുകാരില്‍ നിന്നും ഇവര്‍ സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. മൂന്ന് ദിവസം മാത്രമേ സോപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നത്. മൂന്നാം ദിവസം സോപ്പ് ഇവര്‍ തിരികെ വാങ്ങുമെന്നും അറിയിച്ചിരുന്നു. സോപ്പ് ഉപയോഗിച്ചവര്‍ക്ക് ഇവര്‍ 400 രൂപ പാരിതോഷികമായി നല്‍കിയിരുന്നു.
ആദ്യ പേജില്‍












Click it and Unblock the Notifications