സമരം:എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വ്വീസ് റദ്ദാക്കി

പൈലറ്റുമാരുടെ സമരം മൂലം നിരവധി സര്‍വ്വീസുകളാണ് ദിനേന എന്നോണം എയര്‍ ഇന്ത്യയ്‌ക്ക് റദ്ദാക്കേണ്ടി വരുന്നത്. 10 സര്‍വ്വീസുകളാണ് ചൊവ്വാഴ്‌ച എയര്‍ ഇന്ത്യ റദ്ദാക്കിയത്. ഇതുവരെ സമരം മൂലം എയര്‍ ഇന്ത്യയ്‌ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം 150 കോടി രൂപയാണ്.
ബുധനാഴ്‌ച രാവിലെയും കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്നു എയര്‍ ഇന്ത്യയ്‌ക്ക്. ഒന്‍പത് രാജ്യാന്തര സര്‍വ്വീസുകളാണ് ബുധനാഴ്‌ച രാവിലെ റദ്ദാക്കിയത്. റദ്ദാക്കുന്ന സര്‍വ്വീസുകള്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടെ വ്യോമ ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനിടയില്‍ പൈലറ്റുമാരുടെ സമരവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ വ്യോമയാന മന്ത്രി അജിത് സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സമരം അവസാനിപ്പിക്കാന്‍ ഒരു ശ്രമവും നടത്താത്ത മന്ത്രി സഭയ്‌ക്ക് പുറത്ത് നയപരമായ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.
അതേസമയം പൈലറ്റുമാര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല എന്നാണ് അജിത് സിങ് സഭയെ അറിയിച്ചത്. എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ബാങ്കുകള്‍ വായ്‌പ നല്‍കാന്‍ മടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൈലറ്റുമാര്‍ സമരം തുടരുന്നത് എയര്‍ ഇന്ത്യയ്‌ക്ക് ദോഷമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications