കുലംകുത്തിയെന്ന് വിളിക്കാനുള്ള യോഗ്യത പിണറായിക്കില
പാര്‍ട്ടി വിട്ടുപോയതിന്റെ പേരില്‍ ടിപി ചന്ദ്രശേഖരനെയും അനുയായികളെയും കുലംകുത്തികളെന്നു വിളിച്ച് അധിക്ഷേപിക്കാന്‍ പിണറായി വിജയന് ഒരു അവകാശവുമില്ല. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആശയങ്ങള്‍ വിസ്മരിച്ച് സാമ്പത്തിക ശക്തികള്‍ക്കൊപ്പം നിലകൊണ്ട് വലതുപക്ഷ വത്കരണത്തിനാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് ആശയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി വിടുന്നവരെ കുലംകുത്തികളെന്ന് കുറ്റപ്പെടുത്താന്‍ അവകാശമില്ല-പോരാട്ടം ചെയര്‍മാന്‍ മുണ്ടൂര്‍ രാവുണ്ണി വണ്‍ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ജനങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ച് ഭരണവര്‍ഗ്ഗത്തിലേക്ക് കൂറുമാറിയവരെയും ഒറ്റുകാരെയും തുറന്നുകാണിക്കുന്നതിനായി കമ്യൂണിസ്റ്റ് സാഹിത്യത്തില്‍ പ്രയോഗിച്ച റണഗേഡ്, ടേണ്‍ക്വാട്ട്, ബിട്രേയര്‍ എന്നീ ഇംഗ്ലീഷ് പദങ്ങളെ വഞ്ചകര്‍ എന്നതിനു പകരം കുലംകുത്തികളെന്ന വാക്കിലൂടെയാണ് പഴയകാല വിവര്‍ത്തകര്‍ ചൂണ്ടികാണിച്ചിട്ടുള്ളത്. ഒരു ജന്മി-നാടുവാഴി ചുവ ഈ പ്രയോഗത്തിനുണ്ട്.
ഇതിനെ ന്യായീകരിച്ചുകൊണ്ട് കുടുംബത്തെ ഭിന്നിക്കുന്നവര്‍ കുടുംബ ദ്രോഹികള്‍ എന്ന മട്ടിലാണ് തറവാട്ട് കാരണവരെ പോലെ കുലംകുത്തിയെന്ന് പ്രയോഗിച്ചിരിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന സാമ്പത്തിക, താത്വിക നിലപാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. വികസനം മാത്രം മതി എന്നു പറയുകയും അതിനുവേണ്ടി അഴിമതിയും സ്വത്ത് സമ്പാദനവും മാര്‍ഗ്ഗമാക്കുകയും ഒരേ സമയം സാമ്രാജ്യത്വ വിരുദ്ധത പറയുകയും അതോടൊപ്പം സാമ്രാജ്യത്വവികസന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന അവസരവാദനയവും സാമ്രാജത്വ സേവയും ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഭൂഷണമല്ല.
എന്നാല്‍ പിണറായിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ ദേശീയ ഘടകവും നിര്‍ഭാഗ്യവശാല്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് ഈ നയങ്ങളാണ്. വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചര്‍ച്ച ചെയ്യേണ്ടത് ഈ സാഹചര്യത്തിലാണ്. പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യാവുന്ന ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്താന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറുണ്ടോ? അതോ, കേരളത്തിലെ ചില ചെറിയ വിഷയങ്ങളെ പര്‍വതീകരിച്ച് മാധ്യമപിന്തുണ നേടുകയാണോ ചെയ്യേണ്ടത്?
സിപിഎമ്മിന്റെ റിവിഷനിസത്തിനും അവസരവാദ നിലപാടുകള്‍ക്കും എതിരെ ശബ്ദമുയര്‍ത്താതെ കേവലവിവാദമുയര്‍ത്തുകയും പിന്നീട് സ്ഥിരമായി വഴങ്ങുകയും ചെയ്യുകയാണ് വിഎസിന്റെ ലൈന്‍. അതു തന്നെ ഇപ്പോഴും ആവര്‍ത്തിക്കാനാണ് സാധ്യത.












Click it and Unblock the Notifications