മാധവേട്ടന്റെ നിലപാട് നിര്‍ണായകം
ടിപിചന്ദ്രശേഖരന്റെ ഭാര്യാപിതാവ് കെകെ മാധവന്റെ രാഷ്ട്രീയനിലപാട് നിര്‍ണായകമാകും. സിപിഎമ്മിന്റെ മുന്‍ ഏരിയ സെക്രട്ടറിയും കൗണ്‍സില്‍ അംഗവുമായിരുന്ന മാധവന്‍ ഇപ്പോള്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്.

തന്റെ മരുമകന്റെ കൊലപാതകത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പങ്കിനെ കുറിച്ച് തീവ്രമായ ചര്‍ച്ചകള്‍ പുറംലോകത്ത് നടക്കുമ്പോഴും നിശ്ശബ്ദമായി അതെല്ലാം വീക്ഷിക്കുകയായിരുന്നു കെകെ മാധവന്‍.
ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്ന മകള്‍ രമയെ ആശ്വസിപ്പിക്കാനും വീട്ടിലെത്തുന്ന രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും സ്വീകരിക്കാനും അദ്ദേഹം മുമ്പിലുണ്ടായിരുന്നുവെങ്കിലും തന്റെ രാഷ്ട്രീയ നിലപാട് ഇന്നുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
പാര്‍ട്ടി നേതൃത്വത്തിന് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടാല്‍ പലതും തുറന്നു പറയേണ്ടി വരും എന്നു മാത്രമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. അതേ സമയം ടിപി ചന്ദ്രശേഖരന്‍ അനുസ്മരണപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ സ്‌കൂള്‍ ഓഫ് മാക്‌സിയന്‍ ഡെമോക്രസി സംഘടിപ്പിച്ച യോഗത്തില്‍ ടിപിയുടെ മകന്‍ നന്ദുവിനോടൊപ്പം അദ്ദേഹവും പങ്കെടുത്തിരുന്നെങ്കിലും തന്റെ നിലപാടില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
പക്ഷേ, കെകെ മാധവന്റെ നിശ്ശബ്ദത സിപിഎം നേതൃത്വത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സിപിഎം പ്രാദേശികനേതാക്കളുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുകയും പല നേതാക്കളും പിടിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ മാധവന്‍ പാര്‍ട്ടിക്കെതിരേ നിലപാടെടുത്താല്‍ അതി ശക്തമായ അടിയൊഴുക്ക് അണികള്‍ക്കിടയില്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്.
ലളിതമായ ജീവിതശൈലിയും മാക്‌സിയന്‍ വീക്ഷണവും പുലര്‍ത്തിപോന്ന കെകെ മാധവന്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അത്ര കണ്ട് സ്വീകാര്യനാണ്. തന്റെ നാലുമക്കളെയും സ്വന്തം രാഷ്ട്രീയ ആദര്‍ശനത്തിനൊത്ത് വളര്‍ത്തുകയായിരുന്നു അദ്ദേഹം. മൂത്ത മകള്‍ പ്രേമ എസ്എഫ്‌ഐയുടെ അഖിലേന്ത്യ കമ്മിറ്റി അംഗമായിരുന്നു. രണ്ടാമത്തെ മകള്‍ തങ്കം എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഇപ്പോള്‍. മൂന്നാമത്തെ മകളാണ് രമ. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയാണ് അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗമായ ടിപി ചന്ദ്രശേഖരനെ വിവാഹം കഴിക്കുന്നത്. ഇളയമകന്‍ സുരേഷും എസ്എഫ്‌ഐയുടെ നേതൃനിരയില്‍ തന്നെയുണ്ടായിരുന്നു.
രമയുടെ സഹോദരി തങ്കം വൈസ് പ്രസിഡന്റായ മൂടാടി ഗ്രാമപഞ്ചായത്തിലെ ഭരണം നഷ്ടമാകുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. കാരണം ടിപിയുടെ മരണത്തില്‍ സിപിഎം പ്രാദേശികനേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന തങ്കം ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ സീറ്റുകളാണുള്ളത്. നറുക്കെടുപ്പിലാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്.












Click it and Unblock the Notifications