മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയുന്നു
ജൂണ്‍ 19-ാം തീയതി ചൊവ്വാഴ്ച കേരളഭരണം സ്തംഭിക്കും. അന്നാണ് കേരളത്തിലെ അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളഞ്ഞ് ഉപരോധിക്കുന്നത്. പത്രമാനേജ്‌മെന്റുകള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന വേജ്‌ബോര്‍ഡ് നടപ്പിലാക്കാനുള്ള സമ്മര്‍ദ്ദങ്ങളുടെ ഭാഗമായാണീ സെക്രട്ടേറിയറ്റ് വളയല്‍. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളെയും കയ്യിലിട്ട് അമ്മാനമാടുന്ന ഫോര്‍ത്ത് എസ്റ്റേറ്റുകാര്‍ സ്വന്തം മുതലാളിയുടെ മുഖത്തുനോക്കി ചെയ്യുന്ന വേലയ്ക്ക് അര്‍ഹതപ്പെട്ട കൂലി തരണമെന്ന് പറയാന്‍ മടിയുള്ളതുകൊണ്ട് വഴിയോര ധര്‍ണകളും കുടുംബസംഗമങ്ങളും സെക്രട്ടേറിയറ്റ് വളയലുമൊക്കെ നടത്തുകയാണ്, അങ്ങനെയെങ്കിലും മുതലാളിമാര്‍ കനിയട്ടെ എന്ന വിചാരത്തോടെ.

പത്രപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് വേജ് ബോര്‍ഡിനെ നിയമിക്കുക. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിമാര്‍ അടങ്ങിയ കമ്മിറ്റി പത്രജീവനക്കാരുടെയും പത്രമുതലാളിമാരുടെയും സംഘടനകളുമായി ദീര്‍ഘ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പത്രസ്ഥാപനങ്ങളുടെ റേറ്റിംഗ് അനുസരിച്ച് സേവനവേതനവ്യവസ്ഥകളില്‍ ഉണ്ടാകേണ്ട വര്‍ദ്ധനവ് ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കും. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് പത്രമുതലാളിമാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേതനപരിഷ്‌കരണം നടപ്പിലാക്കും. പത്രങ്ങളിലും വാര്‍ത്താ ഏജന്‍സികളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ബാധകമായിട്ടുള്ളത്. ടെലിവിഷന്‍ ചാനലുകള്‍ അടക്കമുള്ള മറ്റ് മാധ്യമസ്ഥാപനങ്ങള്‍ക്ക് വേജ് ബോര്‍ഡ് ബാധകമല്ല.
2007ല്‍ രൂപീകരിക്കപ്പെട്ട വേജ് ബോര്‍ഡിന്റെ ശുപാര്‍ശകളാണ് 2012 ആയിട്ടും നടപ്പിലാകാത്തത് എന്നറിയണം. പത്രലോകത്തുനിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇത് ഏതാണ്ട് അവസാനത്തെ വേജ് ബോര്‍ഡ് ആയിരിക്കും. 2007ല്‍ രൂപീകരിച്ച വേജ് ബോര്‍ഡിന്റെ ചെയര്‍മാന്‍ മലയാളിയായ ജസ്റ്റീസ് നാരായണക്കുറുപ്പായിരുന്നു. കേന്ദ്രസര്‍ക്കാരിമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അദ്ദേഹം രാജിവച്ചപ്പോള്‍ 2009ല്‍ ജസ്റ്റീസ് ജി ആര്‍ മജീദിയ വേജ് ബോര്‍ഡ് ചെയര്‍മാനായി.
പ്രബുദ്ധരായ മലയാളികള്‍ക്ക് പത്രം വായന ദിനചര്യകളുടെ ഭാഗമാണ്. രാവിലെ സമയത്ത് തന്നെ പത്രം കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ നാശമായെന്ന് കരുതുന്നവരാണ് നാം. ഇത്രയും സ്വാധീനം ജനങ്ങള്‍ക്കിടയിലുള്ള പത്രമാധ്യമങ്ങള്‍ എന്ത് അനീതിക്കെതിരെയും പടവാളെടുക്കും. അഴിമതിക്കെതിരെ ശബ്ദിക്കും. നീതിനിഷേധിക്കപ്പെടുന്നവന്റെ കൈതാങ്ങാവും. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും എന്നുവേണ്ട എല്ലാവരും വാര്‍ത്തകള്‍ക്ക് മുമ്പില്‍ മുട്ടിടിക്കും. എന്നാല്‍ ഈ മാധ്യമസ്ഥാപനങ്ങളിലെ പണിയെടുക്കുന്നവരുടെ സ്ഥിതി പുറംലോകത്തിന് അജ്ഞാതം തന്നെയാണ്. സ്വ. ലേ.(സ്വന്തം ലേഖകന്‍) എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിച്ച പത്രവ്രവര്‍ത്തകന്റെ ജീവിതം തന്നെയാണ് കേരളത്തിലെ തൊണ്ണൂറ് ശതമാനം പത്രപ്രവര്‍ത്തകരുടെയും. ഈ സിനിമയ്ക്ക് തിരക്കഥ എഴുതിയത് ഒരു പത്രപ്രവര്‍ത്തകന്‍ തന്നെയായതിനാല്‍ അതിശയോക്തി ഒട്ടും ചേര്‍ന്നിട്ടില്ല ഈ സിനിമയില്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുടങ്ങാതെ ശമ്പളപരിഷ്‌കരണമുണ്ടാകും. കൂടാതെ ആറുമാസം കൂടുമ്പോള്‍ ഡി എ വര്‍ദ്ധനവും നടപ്പിലാക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ഷാവര്‍ഷം ഇന്‍ക്രിമെന്റ് ഉറപ്പാണ്. രാജ്യത്തെ മാധ്യമപ്രവര്‍ത്തകന് പത്തുവര്‍ഷം കൂടുമ്പോള്‍ പോലും വേതനവര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കണെന്ന ആവശ്യവുമായി ഇതിനകം നിരവധി സമരങ്ങള്‍ തന്നെ നടന്നു. പ്രതിഷേധ പ്രകടനങ്ങളും ഉപവാസങ്ങളും കുടുംബധര്‍ണയുമെല്ലാം വിവിധ ജില്ലകളില്‍ നടന്നിട്ടുണ്ട്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 19ന് സെക്രട്ടേറിയറ്റ് വളയുന്നത്. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കാതിരിക്കുന്നതില്‍ പത്രമുതലാളിമാര്‍ ഒറ്റക്കെട്ട് തന്നെയാണ്. ജീവനക്കാരുടെ രോഷം തണുപ്പിക്കാന്‍ ഓരോ സ്ഥാപനങ്ങളും ചില പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയാണ്. മാധ്യമം പത്രം മാത്രമാണ് വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കിയ ഏക മലയാള പത്രം. മലയാള മനോരമ ജീവനക്കാര്‍ക്ക് മൂന്ന് മാസം മുമ്പ് നടപ്പാക്കിയ സ്‌പെഷ്യല്‍ പാക്കേജില്‍ ഭൂരിപക്ഷം ജീവനക്കാരും തൃപ്തരാണ്. എന്നാലും അവരും സമരത്തിന് വരുന്നുണ്ട്. മനോരമ മാനേജ്‌മെന്റ് വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറല്ല.
മാതൃഭൂമിയില്‍ വേജ്‌ബോര്‍ഡ് പ്രതിഷേധം ശക്തമായപ്പോള്‍ ശമ്പളത്തില്‍ ചെറിയൊരു വര്‍ദ്ധനവ് വരുത്തി. മാതൃഭൂമി മാനേജ്‌മെന്റ് ആണ് വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധ്യമല്ലെന്ന നിലപാട് ശക്തമായി സ്വീകരിച്ചിട്ടുള്ളത്. മാതൃഭൂമിക്കാര്‍ തന്നെയാണ് വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന ആവശ്യത്തിന് പിന്നില്‍ ശക്തമായി അണിനിരന്നിരിക്കുന്നതും. സമ്പൂര്‍ണ തൊഴിലാളി പത്രമായ ദേശാഭിമാനി വേജ് ബോര്‍ഡ് നടപ്പിലാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും ജീവനക്കാരുടെ കയ്യില്‍ പരിഷ്‌കരിച്ച പാക്കേജ് കിട്ടിയിട്ടില്ല. മറ്റൊരു തൊഴിലാളി പത്രമായ ജനയുഗത്തിന് വേജ് ബോര്‍ജ് എന്നാല്‍ ആടാണോ ആട്ടിന്‍കാട്ടമാണോ എന്നുപോലും അറിയില്ല. കാരണം ഇവിടെ എഡിറ്റര്‍ തൊട്ട് തൂപ്പുകാരി വരെയുള്ള ജീവനക്കാരില്‍ ഒരാള്‍ പോലും സ്ഥിരം ജീവനക്കാരില്ല. മംഗളം, സിറാജ്, ചന്ദ്രിക, തേജസ്, കേരളകൗമുദി തുടങ്ങിയ പത്രങ്ങളും വേജ്‌ബോര്‍ഡിനെക്കുറിച്ച് ഇതുവരെ ആലോചന പോലും തുടങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്..
തൊഴിലാളിക്ക് മാന്യമായ കൂലി കൊടുക്കണമെന്ന ആവശ്യമുയരുമ്പോള്‍ കണ്ണടച്ചുറങ്ങുന്ന മാനേജ്‌മെന്റിനെ തട്ടിയുണര്‍ത്താന്‍ അതാത് സ്ഥാപനങ്ങള്‍ക്ക് മുമ്പിലാണ് സമരം നടത്തേണ്ടതെന്ന് അറിയാത്തവരല്ല ഈ മാധ്യമപ്രവര്‍ത്തകര്‍. എത്രയെത്ര സമരങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തവരാണിവര്‍. എങ്കിലും സ്വന്തം മുതലാളിക്കെതിരെ മുദ്രാവാക്യം മുഴക്കിയാല്‍ പണികിട്ടുമെന്ന് പേടിച്ച് തന്നെയാണ് സമരങ്ങള്‍ സെക്രട്ടേറിയറ്റിന്റെയും ജില്ലാ ആസ്ഥാനങ്ങളുടെ മുന്നില്‍ നടത്തുന്നത്. ഇതിനിടെ ഓരോ മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലും മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് തന്നെ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.












Click it and Unblock the Notifications