വാഹനപരിശോധനക്കിടെ പൊലീസുകാരന്‍ കുത്തേറ്റുമരിച്ചു
കൊല്ലം: പാരിപ്പള്ളിയില്‍ രാത്രികാല വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ മൂന്നംഗസംഘം കുത്തിക്കൊന്നു. പാരിപ്പള്ളി സ്‌റ്റേഷനിലെ ഡ്രൈവര്‍ കൊട്ടറ സ്വദേശി മണിയന്‍പിള്ള (47) ആണ് മരിച്ചത്. കുത്തേറ്റ് ഗുരുതരവാസ്ഥയിലായ എ.എസ്.ഐ ചെങ്കളം സ്വദേശി ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വേളമാനൂരില്‍ വാഹന പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് കുളമട ജംക്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രേഖകള്‍ ഇല്ലാതിരുന്നു. വാനിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എ.എസ്.ഐ ജോയി ഇവരെ കസ്റ്റഡിയിലെടുത്തു. വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സംഘം എ.എസ്.ഐയെ കുത്തുകയായിരുന്നു. ഇതു കണ്ട് ഓടിയെത്തിയ ഡ്രൈവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം അക്രമികള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു.
പരവൂര്‍ പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മണിയന്‍പിള്ള മരിച്ചു.
അക്രമികളെ പോലീസ് പിന്തുടര്‍ന്നെങ്കിലും അയിരൂരിനു സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതാണ് വാഹനം. കഴിഞ്ഞ ദിവസം വേളമാനൂരില്‍ മോഷണം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിലും ജീപ്പിലും രണ്ട് സംഘമായി തിരിഞ്ഞായിരുന്നു രാത്രികാല പരിശോധന.












Click it and Unblock the Notifications