ഫോണ്‍ ചോര്‍ത്തല്‍: ഐടി നിയമപ്രകാരം കേസെടുക്കും

ബി.എസ്.എന്‍.എല്ലിന്റെ സംരക്ഷിത ഡാറ്റ മോഷ്ടിച്ച് അത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തികരമായും അന്വേഷണോദ്യോഗസ്ഥന്റെ ഒദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന രീതിയിലും ആരോപണം ഉന്നയിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. ഐ.ടി. നിയമത്തിന് പുറമെ, പോലീസ് നിയമവും ഐ.പി.സി.യും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കുറ്റക്കാര്‍ക്ക് എതിരെ ചുമത്തും.
ബി.എസ്.എന്‍.എല്ലിന്റെ കേരളത്തിലെ ഏതോ ഒരു സ്വിച്ചിങ് സെന്ററിലെ ബാക്ക് എന്‍ഡിലെ ജീവനക്കാരനാണ് വിവരങ്ങള്‍ ചോര്‍ത്തികൊടുത്തതെന്നാണ് അറിയുന്നത്. ഇതിന് പുറമെ, അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ച 'ദേശാഭിമാനി' പത്രത്തിനും വാര്‍ത്തയെഴുതിയ ലേഖകനും എതിരെ കേസെടുക്കാനാണ് തീരുമാനം.
എസ്പി റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രം ലഭിക്കുന്ന വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണ സംഘം ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
മൊബൈലിലേയ്ക്ക് വന്നതും പോയതുമായ കോളുകളുടെ നമ്പറുകള്‍, എസ്എംഎസ് ചെയ്തതിന്റേയും സ്വീകരിച്ചതിന്റേയും വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ സ്വിച്ചിങ് സെന്ററുകളില്‍ നിന്ന് ലഭിക്കും. ബിഎസ്എന്‍എല്ലിന് കോഴിക്കോട്ടും കണ്ണൂരുമുള്‍പ്പെടെ എല്ലാ എസ്എസ്എ കേന്ദ്രങ്ങളിലും മൊബൈല്‍ സ്വിച്ചിങ് സെന്ററുകളുണ്ട്.
ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മേയ് നാലു മുതല്‍ ജൂലൈ എട്ടുവരെ ഡിവൈഎസ്പി ജോസി ചെറിയാന്‍ കോഴിക്കോട്ടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണ് ദേശാഭിമാനി പുറത്തുവിട്ടത്. ജോസി ചെറിയാന്‍ 55 ദിവസത്തിനിടെ 7,557 സംഭാഷണങ്ങളും സന്ദേശങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു നടത്തിയെന്നും ഇത് സിപിഎം വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നതിന്റെ ഭാഗമായിരുന്നെന്നും ദേശാഭിമാനി ആരോപിച്ചിരുന്നു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് യാതൊരു വിവരവും നല്‍കുന്നില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഫോണ്‍ സംഭാഷണ രേഖകളെന്നും സിപിഎം ആരോപിച്ചിരുന്നു.












Click it and Unblock the Notifications