2ജി: ചിദംബരത്തിനെതിരെ അന്വേഷണമില്ല

തിഹാര്‍ ജയിലിലായ മുന്‍മന്ത്രി എ. രാജക്കൊപ്പം, സ്‌പെക്ട്രം ലൈസന്‍സ് വിതരണ ഗൂഢാലോചനയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരവും തുല്യ പങ്കാളിയാണെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ സ്വാമി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിദംബരത്തിനെതിരെ അന്വേഷണം നടത്താനായി ഉത്തരവിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടികാട്ടി.
ചിദംബരം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും സാമ്പത്തികലാഭം ഉണ്ടാക്കിയെന്നുമുള്ള പരാതിക്കാരന്റെ ആരോപണത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതി വ്യക്തമാക്കി. സ്‌പെക്ട്രം വിതരണത്തിലെ അപാകതകള്‍ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസുമാരായ ജി.എസ് സിംഗ്‌വി, കെ.എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കോടതി വിധി ഒരു മോശം വിധിയാണെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിച്ചല്ല കോടതിയുടെ തീരുമാനം. വിധിയുടെ പകര്‍പ്പ് ലഭിച്ചുകഴിഞ്ഞാല്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ടു ജി കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതി സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതിനെതിരേയാണ് സ്വാമി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.












Click it and Unblock the Notifications