വീണ്ടും ബലാത്സംഗം, ദില്ലി പുകയുന്നു
ദില്ലി: ബസ്സില്‍ വെച്ച് യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ചൂട് ആറും മുമ്പ് തന്നെ ദില്ലിയില്‍ വീണ്ടും പീഡനം. ഏഴുവയസ്സുകാരി പഠിയ്ക്കുന്ന സ്‌കുളിനുള്ളില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്ന് ദില്ലിയില്‍ ജനങ്ങള്‍ വീണ്ടും തെരുവിലേക്കിറങ്ങിയിരിക്കുകയാണ്. മംഗോള്‍പുരി മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ സ്‌കൂളിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.
പരിചയമില്ലാത്ത ഒരാളാണ് സ്‌കൂളിനുള്ളില്‍ വെച്ച് പീഡിപ്പിച്ചത്. നിലവിളിയ്ക്കാതിരിക്കാന്‍ വായയില്‍ തുണിയും മറ്റും കുത്തിനിറയ്ക്കും കെട്ടിയിടുകയും ചെയ്തിരുന്നതായും കുട്ടി പറയുന്നു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച സ്‌കൂള്‍ സമയത്ത് നടന്ന ഈ സംഭവം വെള്ളിയാഴ്ച രാവിലെയാണ് മാതാപിതാക്കള്‍ പോലിസിനെ അറിയിച്ചത്.

കേസെടുത്ത പോലിസ് വൈദ്യപരിശോധനയ്ക്ക് ശേഷം ബലാത്സംഗം സ്ഥിരീകരിച്ചു. ഇതോടെ ജനം ഇളകി മറിയുകയായിരുന്നു. ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ ബസ്സുകള്‍ക്കും പോലിസുകാര്‍ക്കും നേരെ തിരിഞ്ഞു. ഒരു ബസ്സ് കത്തിച്ചു. കല്ലേറില്‍ രണ്ടു പോലിസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേകസംഘത്തിന് നിയോഗിച്ചിട്ടുണ്ട്. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെയും രണ്ട് അധ്യാപകരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കുട്ടി അപകടനില തരണം ചെയ്തതായി സഞ്ജയ് ഗാന്ധി ആശുപത്രി അധികൃതര്‍ അറിയിച്ചു. പക്ഷേ, ആന്തരരക്തസ്രാവം ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications