രാജസ്ഥാനില്‍ ആദ്യ വനിത റെയില്‍വേ പോര്‍ട്ടര്‍

മൂന്ന് കുട്ടികളുടെ അമ്മകൂടിയായ മഞ്ജുവിന്റെ ഭര്‍ത്താവ് മഹാദേവന്റെ അപ്രതീക്ഷിതമരണമാണ് വീട്ടമ്മയായിരുന്ന മഞ്ജുവിനെ ഈ ജോലിക്ക് പ്രേരിപ്പിച്ചത്. റെയില്‍വേയില്‍ ഇതേ തൊഴിലിലായിരുന്നു മഹാദേവനും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയ്പുര്‍ സ്‌റ്റേഷനില്‍ പോര്‍ട്ടറായി ജോലിചെയ്യുന്ന മഞ്ജുവിന് വെള്ളിയാഴ്ചയാണ് ഔദ്യോഗിക നിയമന ഉത്തരവ് റെയില്‍വേ അധികൃതര്‍ കൈമാറിയത്. ഭര്‍ത്താവിന്റെ ലൈസന്‍സും ബാഡ്ജ് നമ്പര്‍ 15ഉം അവര്‍ക്ക് നല്‍കിയതായി റെയില്‍വേ വക്താവ് തരുണ്‍കുമാര്‍ജയിന്‍ പറഞ്ഞു.
അസുഖം ബാധിച്ച് ഭര്‍ത്താവ് മരിച്ചതോടെ ജീവിതത്തില്‍ ആരും സഹായിക്കാന്‍ ഇല്ലാതായി. മൂന്നുമക്കളുള്ള താന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയായിരുന്നു. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായിട്ടില്ല. മകള്‍ക്ക് നല്ല വിദ്യാഭ്യാസവും ഭക്ഷണവും നല്‍കണം.
അക്ഷരാഭ്യാസം കൂടിയില്ലാത്ത എനിക്ക് വേറെ ജോലി ആഗ്രഹിക്കാനാവില്ലലോ? പക്ഷേ, ചുമടെടുക്കാനാവും അതുകൊണ്ടാണ് ഞാന്‍ ഈ ജോലിക്ക് വന്നതെന്ന് മഞ്ജു പറഞ്ഞു. ആരുടേയും സഹായം ചോദിക്കാതെ എനിക്ക് എന്റെ കാലില്‍ നില്‍ക്കണം എന്റെ മക്കള്‍ക്ക നല്ല ജീവിത സാഹചര്യം നല്‍കണം അത് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂവെന്നും മഞ്ജു കൂട്ടിചേര്‍ത്തു.
റെയില്‍വേ സ്‌റ്റേഷനടുത്തുള്ള വാടക വീട്ടിലാണ് ഇപ്പോള്‍ മഞ്ജു താമസിക്കുന്നത്. ഹര്‍സൊളിഗ്രാമത്തിലെ ബന്ധുവീട്ടിലുമാണ് കുട്ടികള്‍ താമസിക്കുന്നത്. ഇപ്പോള്‍ ദിവസവും 12 മണിക്കൂര്‍ വരെ പണിയെടുക്കുന്നുണ്ടെന്നും 150 രൂപവരെ സമ്പാദിക്കുന്നുണ്ടെന്നും ജയ്പുരില്‍ സ്ഥിരതാമസമാക്കി കുട്ടികളെ ഒപ്പം കൊണ്ടുവരാനാണ് ഇനി ശ്രമിക്കുന്നതെന്നും മഞ്ജു പറഞ്ഞു.
പുരുഷാധിപത്യ മേഖലയാണ് ഇതെന്ന് അറിഞ്ഞിട്ടു തന്നെയാണ് താന്‍ ഇങ്ങോട്ട വന്നതെന്നും ഇവിടെയുള്ള ബാക്കി പോര്‍ട്ടര്‍മാര്‍ തന്നെ നന്നായി സഹായിക്കുന്നുണ്ടെന്നും തനിക്ക വേണ്ട ഉപദേശങ്ങള്‍ തരുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. തങ്ങളോടൊപ്പം ഒരു സ്ത്രീ ജോലിക്കെത്തിയത് തങ്ങള്‍ക്ക് അഭിമാനമാണെന്നും ഞങ്ങളിലൊരംഗത്തെപ്പോലെ അവരെയും ഞങ്ങള്‍ കാണുമെന്നും ജയ്പുര്‍ റെയില്‍വേ സ്‌റ്റേഷനിലെ മറ്റ് ചുമട്ടുതൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു.












Click it and Unblock the Notifications