നാടകങ്ങള്‍ക്കൊടുവില്‍ നാവികര്‍ തിരിച്ചെത്തി
ദില്ലി: വിവാദങ്ങള്‍ക്കൊടുവില്‍ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇറ്റലിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. വൈകുന്നേരം അഞ്ചരയോടെ ദില്ലി പാലം വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. രാജ്യാന്തരതലത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് നാവികരായ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ മടങ്ങിയെത്തുന്നത്. വധശിക്ഷയുണ്ടാകില്ല എന്ന് ഇന്ത്യ ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് നാവികരെ തിരിച്ചയക്കാന്‍ ഇറ്റലി തയ്യാറായത്.
എന്നാല്‍ നാവികരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത് നയതന്ത്രതലത്തില്‍ വിജയമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ചട്ടലംഘനങ്ങളുടെയും കൃത്യവിലോപങ്ങളുടെയും നീണ്ട നിര തന്നെ ഈ കേസുമായി ബന്ധപ്പെട്ട് കാണാം. വിചാരണയ്‌ക്കൊടുവില്‍ കോടതി നിശ്ചയിക്കേണ്ട ശിക്ഷാ നടപടികളിലാണ് ചട്ടം ലംഘിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൈ കടത്തിയിരിക്കുന്നത്. നാവികര്‍ക്ക് വധശിക്ഷ നല്‍കണോ അതോ മറ്റെന്തെങ്കിലും ശിക്ഷ നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, സര്‍ക്കാരല്ല എന്നിരിക്കേ എന്ത് സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രി ഇത്തരമൊരു ഉറപ്പു നല്‍കിയത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

സുപ്രീം കോടതി നയതന്ത്രപ്രതിനിധിയെ തടഞ്ഞുവെച്ചുകൊണ്ട് നടത്തിയ കര്‍ശനമായ നിലപാടിനൊടുവിലാണ് നാവികരെ തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ ഇറ്റലി നിര്‍ബന്ധിതരായത്. ഇത് സര്‍ക്കാരിന്റെ വിജയമായ ആഘോഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മന്ത്രിമാരും ചെയ്യുന്നത്. കേസിന്റെ ഒരു സാഹചര്യത്തിലും ഇറ്റാലിയന്‍ നാവികരുടെ മനുഷ്യാവകാശങ്ങള്‍ ഇന്ത്യ ലംഘിച്ചിട്ടില്ല. എന്നിട്ടും ഇന്ത്യ എന്തോ കുറ്റം ചെയ്യുന്നു എന്ന തരത്തിലാണ് ഇറ്റലിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
നാവികര്‍ക്ക് ഇറ്റലിയില്‍ ശിക്ഷ അനുഭവിക്കാനുള്ള സൗകര്യങ്ങള്‍ നല്‍കാം എന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തയ്യാറായിട്ടില്ല. നാവികരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഇറ്റലി ഉന്നയിച്ച സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കി എന്നു പറഞ്ഞ ഖുര്‍ഷിദ് പക്ഷേ അത് എന്തൊക്കൊണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
വോട്ടുചെയ്യാനായി നാട്ടില്‍ പോയി വരാനായി നാലാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നാവികര്‍ക്ക് അനുവദിച്ചിരുന്നത്. കാലാവധി അവസാനിക്കുന്ന ഇന്ന് ചാണക്യപുരി പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.












Click it and Unblock the Notifications