ബാംഗ്ലൂരിലെ ഏറ്റവും വലിയ ക്യാമ്പസ് ഓണാഘോഷം;
ബാംഗ്ലൂര്‍: ബാഗ്ലൂരിലെ ഏറ്റവും വലിയ ക്യാമ്പസ് ഓണാഘോഷം - ' ആചാര്യ പൊന്നോണം - 2013 ' സെപ്‌തംബര്‍ 11ന് ആചാര്യ ക്യാമ്പസില്‍ നടക്കും. 22 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാമ്പസില്‍ ആയിരത്തോളം മലയാളി വിദ്യാര്‍ത്ഥികളുണ്ട്. എല്ലാ വര്‍ഷത്തെയും പോലെ അതിവിപുലമായി തന്നെയാണ് ഈ വര്‍ഷവും ആചാര്യ ഓണം ആഘോഷിക്കുന്നത്. സംഘാടനത്തിലും ആഘോഷത്തിലും മലയാളി കുട്ടികളോടൊപ്പം മറ്റ് രാഷ്ട്രങ്ങളിലെ വിദ്യാര്‍ത്ഥികളും കൂടി സജീവമായി പങ്കു ചേരുമ്പോള്‍ ആഘോഷത്തിന്റെ മാറ്റ് കൂടുന്നു.
സെപ്‌തംബര്‍ 11ന് രാവിലെ തന്നെ അതിഗംഭീരമായൊരു പൂക്കളം ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്രാഡുവേറ്റ് സ്റ്റഡീസിന്റെ പ്രവേശന കവാടത്തില്‍ ഒരുക്കും. അന്നേ ദിവസം വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത കേരളീയ വേഷത്തിലാണ് ക്യാമ്പസിലെത്തുക. രാവിലെ പത്ത് മണിക്ക് 'പൊന്നോണം- 2013' ഔദ്യോഗികമായി ഉദ്‌ഘാടനം നിര്‍വഹിച്ചു കഴിയുമ്പോള്‍ നാടന്‍ കലാരൂപങ്ങളുമായി ശിങ്കാരി മേളം എത്തും. കേരളത്തില്‍ നിന്നുള്ള വാദ്യ കലാകാരന്‍മാരാണ് പരിപാടിക്ക് മേളക്കൊഴുപ്പേകുന്നത്.

സ്റ്റേജില്‍ ഓണത്തിന്റെ ഐതിഹ്യം പറയുന്ന സ്‌ക്കിറ്റ്, തിരുവാതിരക്കളി, കളരിപ്പയറ്റ്, തുടങ്ങി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ആഫ്രിക്കയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വഞ്ചിപ്പാട്ടിനനുസരിച്ച് നൃത്ത ചുവടുകള്‍ വെയ്‌ക്കും. തുടര്‍ന്ന് വടംവലി, ഉറിയടി, ചാക്ക്‌ചാട്ടം തുടങ്ങിയ മത്സരങ്ങളും നടക്കും. കഴിഞ്ഞ ഓണഘോഷത്തിന് പ്രശസ്‌ത നടിയും ഗായികയുമായ വസുന്ധരാ ദാസ് ആണ് എത്തിയതെങ്കില്‍ ഇത്തവണത്തെ വിശിഷ്ടാതിഥി ആരാണെന്നുള്ളത് സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ് സംഘാടക സമിതി.












Click it and Unblock the Notifications