ആലപ്പുഴ ബൈപ്പാസ് പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത് രണ്ടാം മോദി സർക്കാർ എന്ന് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്നാണ് ആലപ്പുഴ ബൈപ്പാസ് ഉദ്‌ഘാടനം ചെയ്‌തത്. ബൈപ്പാസ് നിർമ്മാണത്തിന്റെ ക്രഡിറ്റിനെ ചൊല്ലി മുന്നണികൾ തമ്മിൽ ഏറ്റുമുട്ടലിലേക്ക് കടന്നിരിക്കുകയാണ്. ബൈപ്പാസ് മുഴുവൻ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത് രണ്ടാം നരേന്ദ്ര മോദി സർക്കാർ ആണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ അവകാശപ്പെടുന്നു.
ശോഭാ സുരേന്ദ്രന്റെ പ്രതികരണം: '' 1969 ലാണ് ആലപ്പുഴ ബൈപ്പാസ് എന്ന ആശയം മുന്നോട്ടു വരുന്നത്. എന്നിട്ടും 21 വർഷത്തിന് ശേഷം മാത്രമാണ് അതിന്റെ ആദ്യ നിർമ്മാണോദ്ഘാടനം നടത്തിയത്. 2001ൽ എ ബി വാജ്പേയി സർക്കാരാണ് ഒന്നാംഘട്ട പണി പൂർത്തീകരിച്ചത്. 2004 മുതൽ പിന്നീടങ്ങോട്ട് കേന്ദ്രം ഭരിച്ച യുപിഎ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വലിയ കഥ പറയാനുണ്ട് ആലപ്പുഴ ബൈപാസിന്. കടൽ മണ്ണ് ശേഖരിച്ചുള്ള റോഡ് നിർമ്മാണത്തിന് മൻമോഹൻസിംഗ് സർക്കാർ തടസ്സമിട്ടു. കേന്ദ്രത്തിലും കേരളത്തിലും അന്ന് കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ.
2006 മുതൽ കേരളം ഭരിച്ച വിഎസ് അച്യുതാനന്ദൻ സർക്കാരും കേന്ദ്രത്തിലെ മൻമോഹൻസിംഗ് സർക്കാരും തമ്മിലെ ഫ്ലൈ ഓവർ, റെയിൽവേ മേൽപ്പാലം എന്നീ കാര്യങ്ങളിൽ കടുത്ത തർക്കം നടന്നു. 2009ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തർക്കത്തെതുടർന്ന് പ്രശ്നത്തിൽ ഹൈക്കോടതി ഇടപെട്ടു. 2012-ൽ ഉമ്മൻചാണ്ടി സർക്കാരും മൻമോഹൻസിംഗ് സർക്കാരും സംയുക്തമായി പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് മൂന്നു വർഷം പദ്ധതി നിശ്ചലമായി കിടന്നു.
2015ൽ ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് 344 കോടി രൂപയുടെ എസ്റ്റിമേറ്റ് നിലവിൽ വന്നു. 2020ന്റെ അവസാനഘട്ടം എത്തിയപ്പോൾ റെയിൽവേ പാലങ്ങൾ ഉൾപ്പെടെ നവീകരണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായി. പിന്നെ ടാറിങ്ങും മറ്റു പണികളും പൂർത്തിയാക്കി. ഇന്ന് ഇതാ ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. ഇതാണ് ആലപ്പുഴ ബൈപാസിനെക്കുറിച്ചുള്ള സത്യം. നരസിംഹറാവു മുതൽ മൻമോഹൻ സിംഗ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ. ഇ കെ നായനാർ, വിഎസ് അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ. എ കെ ആന്റണി ഉമ്മൻചാണ്ടി തുടങ്ങിയ കോൺഗ്രസ് മുഖ്യമന്ത്രിമാർ. പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത് എ ബി വാജ്പേയി നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. ബൈപ്പാസ് മുഴുവൻ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത് രണ്ടാം നരേന്ദ്ര മോദി സർക്കാർ. ഇനി ജനം വിലയിരുത്തട്ടെ''.