ആലപ്പുഴയിൽ സിപിഎമ്മിന് തിരിച്ചടിയായി വിഭാഗീയത; തിരഞ്ഞെടുപ്പ് കാലത്തും രക്ഷയില്ല, പുതിയ വിവാദം
കായംകുളം: എക്കാലത്തും ജില്ലയിലെ സിപിഎമ്മിന് തലവേദനയായ വിഭാഗീയത ഒഴിയാതെ തിരഞ്ഞെടുപ്പ് കാലവും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറി കൊണ്ടിരിക്കവെയാണ് സിപിഎമ്മിന് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ട് കായംകുളത്ത് വീണ്ടും വിവാദങ്ങൾ തലപൊക്കുന്നത്. ഇവിടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് വനിതാ നേതാവ് രാജിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
വിഭാഗീയ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആരോപിച്ചു കൊണ്ടാണ് പാർട്ടിയിലെ മുതിർന്ന നേതാവും കായംകുളം ഏരിയാ കമ്മിറ്റി അംഗവുമായ പ്രസന്നകുമാരി രാജിവെച്ചത്. എന്നാൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മകനെ തിരിച്ചെടുക്കാനുള്ള ഇവരുടെ നാടകമാണ് ഈ രാജിയെന്നാണ് എതിർ വിഭാഗം ഉന്നയിക്കുന്ന പ്രധാന ആരോപണം.

പത്തിയൂർ ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷൻ കൂടിയായിരുന്നു രാജിവച്ച പ്രസന്നകുമാരി. രാജിക്കത്തിൽ കായംകുളത്ത് നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഏപ്രിൽ എട്ടിന് അയച്ച കത്താണ് ഇന്ന് പുറത്തുവന്നത്. വിഷയം പരിഹരിക്കാൻ സജി ചെറിയാന്റെ നേതൃത്വത്തിൽ യോഗം വിളിച്ചിരിക്കെ കത്ത് പുറത്തുവിട്ടത് സമ്മർദ്ദ തന്ത്രമാണെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം.
കൂടുതൽ ആരോപണങ്ങളും പ്രസന്നകുമാരി കത്തിൽ ഉന്നയിക്കുന്നുണ്ട്. അധിക്ഷേപവും മാനസിക പീഡനവും ഉൾപ്പെടെ ചില സഖാക്കളിൽ നിന്ന് നേരിടേണ്ടി വന്നുവെന്നാണ് കത്തിൽ പറയുന്നത്. എന്നാൽ പ്രസന്നകുമാരിയുടെ മകൻ ബിപിൻ സി ബാബുവിനെ നേരത്തെ ഭാര്യയുടെ പരാതിയിൽ സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നീട് തിരിച്ചെടുത്തെങ്കിലും തരം താഴ്ത്തിയതിലുള്ള പ്രതിഷേധ സൂചകമായാണ് പ്രസന്നകുമാരിയുടെ രാജിയെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ആലപ്പുഴയിൽ എഎം ആരിഫാണ് സിപിഎം സ്ഥാനാർത്ഥി. കഴിഞ്ഞ തവണ രാഹുൽ കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോഴും സിപിഎമ്മിന് ഒപ്പം നിന്ന മണ്ഡലമാണ് ആലപ്പുഴ. എന്നാൽ ഇത്തവണ കോൺഗ്രസ് കെസി വേണുഗോപാലിനെ രംഗത്തിറക്കായി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ജില്ലയിലെ പാർട്ടിക്കുളിൽ തന്നെ വിഭാഗീയതയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയരുന്നത്.
കടുത്ത മത്സരം തന്നെയാണ് ആലപ്പുഴയിൽ നടക്കുകയെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ കൂടി എത്തിയ സാഹചര്യത്തിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. ജില്ലയിലെ മറ്റൊരു മണ്ഡലമായ മാവേലിക്കരയിൽ സിപിഐ ആണ് മത്സരിക്കുന്നത്. ഇവിടെ കൊടിക്കുന്നിൽ സുരേഷിന് എതിരെ സിപിഐ സ്ഥാനാർത്ഥിയായി അരുൺകുമാർ ആണ് രംഗത്തുള്ളത്.












Click it and Unblock the Notifications