ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ, സിഡബ്ല്യുസി മൊഴിയെടുക്കും
ആലപ്പുഴ: കലവൂരിൽ 13കാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കുറ്റാരോപിതരായ മൂന്ന് അധ്യാപകർക്ക് എതിരെ നടപടി. മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്‌തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പോലീസ് നേരത്തെ മരണപ്പെട്ട വിദ്യാർത്ഥിയുടെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു.
കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് എതിരെ ആരോപണം ഉയർന്നതോടെയാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്.

കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രജിത്താണ് ആത്മഹത്യ ചെയ്‌തത്. മനോജ്-മീര ദമ്പതികളുടെ മകനയാ പ്രജിത്തിനെ ഫെബ്രുവരി 15നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് കുടുംബത്തിന്റെ ആരോപണം എന്നാൽ ഇത് സ്‌കൂൾ അധികൃതർ നിഷേധിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്‌കൂൾ മൈക്കിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നു, ഇതിന് പിന്നാലെ കുട്ടികൾ തിരിച്ചെത്തി. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പ്രജിത് പറഞ്ഞെങ്കിലും അധ്യാപകർ ഇത് മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് ആരോപണം.
കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് കായിക അധ്യാപകനായ ക്രിസ്‌തു ദാസ് പ്രജിത്തിനെ ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്‌തുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. കൂടാതെ രേഷ്‌മ, ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഇവരെ ശാസിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നും പ്രജിത്തിന്റെ അച്ഛന്‍ മനോജ് ആരോപിച്ചിരുന്നു.
കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയതെന്ന് കുട്ടിയുടെ സഹപാഠികളും പറയുന്നു. പ്രജിത്തിന്റെ മൂത്ത സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് വിദ്യാർത്ഥിയെ യൂണിഫോമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
എന്നാല്‍ സ്‌കൂൾ അധികൃതർ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പിറ്റേ ദിവസം പിതാവിനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകർ പറഞ്ഞിട്ടുള്ളൂ എന്നായിരുന്നു പ്രധാന അധ്യാപിക സിസ്‌റ്റർ സോഫിയ നൽകിയ വിശദീകരണം. ഇതോടെയാണ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പോലീസ് കേസെടുത്തത്.












Click it and Unblock the Notifications