ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം; വയോധികയുടെ മരണത്തിൽ പ്രതിഷേധം
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ തുടർക്കഥയായ ചികിത്സാ പിഴവ് ആരോപണം. മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ മൃതദേഹവുമായി അർധ രാത്രി പ്രതിഷേധിച്ചതോടെ രംഗം കൂടുതൽ വഷളായിരുന്നു. എഴുപത്തിമൂന്ന് കാരിയായ ഉമൈബയാണ് ഇന്നലെ മരണപ്പെട്ടത്. പുന്നപ്ര സ്വദേശിയായ ഇവർ ഇവിടെ ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. അവിടെ നിന്ന് കോട്ടയത്തേക്ക് കൊണ്ട് പോവുന്നതിനിടെയായിരുന്നു മരണം.
ഇത് ഒരു മാസത്തിനിടെ തന്നെ രണ്ടാമത്തെ സംഭവമാണ് ആശുപത്രിയിൽ ഉണ്ടാവുന്നത്. ഇതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്. പനി ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിക്കുകയായിരുന്നു. തുടർന്ന് അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല.

ഇതോടെയാണ് ബന്ധുക്കൾ മൃതദേഹവുമായി വണ്ടാനം ആശുപത്രിയിൽ തന്നെ തിരിച്ചെത്തി പ്രതിഷേധിച്ചത്. ഒടുവിൽ പരാതി പരിശോധിക്കാമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് പുലർച്ചെ ഒരു മണിയോടെ ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. ഉമൈബയുടെ മകനും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറിലധികം പേരാണ് ഇവിടെ പ്രതിഷേധിച്ചത്.
25 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ ഉമൈബ പനിബാധിച്ച് ചികിത്സക്കായി എത്തുന്നത്. ഇവിടേക്ക് നടന്നാണ് ഉമൈബ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നത്. എന്നാൽ പിന്നീട് വാര്‍ഡിൽ പ്രവേശിപ്പിച്ച വൃദ്ധയുടെ അസുഖം ഗുരുതരമാവുകയായിരുന്നു. ജൂനിയർ ഡോക്‌ടർമാരാണ് പരിശോധിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുടുംബം പരാതിപ്പെട്ടതിനെ തുടര്‍ന്ന് സൂപ്രണ്ട് തന്നെ രോഗിയെ ഐസിയുവിലെക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ജീവനക്കാര്‍ ഇതിന് തയ്യാറായിരുന്നില്ലെന്നാണ് ആരോപണം. തുടർന്ന് ചൊവ്വാഴ്‌ചയോടെ രോഗം മൂര്‍ച്ഛിച്ച് ബോധം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് ഉമൈബ മരണപ്പെട്ടത്.
അതേസമയം, വണ്ടാനം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് അടുത്തിടെ യുവതി മരണപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു യുവതിയുടെ മരണം.
കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ മെഡിക്കൽ കോളേജിൽ വച്ച നടന്ന പ്രസവത്തെ തുടർന്നായിരുന്നു ഷിബിനയ്ക്ക് അണുബാധയേറ്റതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.












Click it and Unblock the Notifications