പരിപാടി തുടങ്ങാൻ വൈകിയതിന് സംഘാടകരോട് ക്ഷോഭിച്ചു; ഒടുവിൽ ഇറങ്ങിപ്പോയി ജി സുധാകരൻ
ആലപ്പുഴ: പരിപാടി തുടങ്ങാൻ വൈകിയതിൽ ക്ഷുഭിതനായി ഇറങ്ങിപ്പോയി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഹരിപ്പാട് നടന്ന സിബിസി വാര്യര്‍ സ്‌മൃതി പരിപാടിയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാതായതോടെ സുധാകരൻ സംഘാടകരോട് കയർത്തിരുന്നു.
ഉദ്ഘാടകനായ മന്ത്രി സജി ചെറിയാന്‍ എത്താന്‍ വൈകിയതോടെയാണ് ചടങ്ങുകൾ നീണ്ടുപോയത്. എന്നാൽ പരിപാടി തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒരുമണിക്കൂര്‍ പിന്നിട്ടിട്ടും മന്ത്രി എത്താതായതോടെ സുധാകരന്‍ ഇറങ്ങിപോവുകയായിരുന്നു.രാവിലെ പത്തുമണിക്കായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിശ്ചയിച്ചത്.

കൃത്യസമയത്ത് തന്നെ സുധാകരൻ വേദിയിൽ എത്തിയെങ്കിലും മറ്റ് നേതാക്കൾ ഒന്നും തന്നെ എത്തിയിരുന്നില്ല. മന്ത്രി സജി ചെറിയാന് പുറമെ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്താൻ വൈകുകയായിരുന്നു. ഇതോടെയാണ് മുഖ്യാതിഥിയായ സുധാകരൻ ഇടഞ്ഞത്.
മന്ത്രി സജി ചെറിയാന് പുറമെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാത എന്നിവർ കൂടി പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇത്. മുതിർന്ന സിപിഎം നേതാവും പാര്ലമെന്റേറിയനും ആയിരുന്ന സിബിസി വാര്യറുടെ പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകർ സിപിഎം തന്നെയായിരുന്നു.
എന്നാൽ ഇറങ്ങിപോയതല്ലെന്നും മറ്റൊരു പരിപാടിയിൽ കൃത്യ സമയത്ത് എത്തേണ്ടത് കൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നതാണെന്നാണ് സുധാകരൻ നൽകുന്ന വിശദീകണം. 12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നു. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് ഭ്രാന്താണെന്നും സുധാകരൻ പ്രതികരിച്ചു.
അതേസമയം, ആലപ്പുഴയിലെ വിഭാഗീയത കൂടുതൽ ശക്തിപ്പെടുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് സുധാകരന്റെ നടപടി എന്നതും എടുത്തുപറയേണ്ട.കാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിൽ നിന്ന് ആലപ്പുഴയിലെ സിപിഎം കരകയറി വരുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
വിഭാഗീയത ആരോപണങ്ങൾ വീണ്ടും ജില്ലയിലെ പാർട്ടിയെ പിടിച്ചുലയ്ക്കുന്ന സാഹചര്യമാണ് ഉള്ളത്. നേരത്തെ എഎം ആരിഫിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് കാട്ടി പാർട്ടിയിലെ ഒരു പ്രബലവിഭാഗം ഇടപെടൽ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആരിഫിന് ഒരിക്കൽ കൂടി അവസരം നൽകാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
പക്ഷേ ഫലം വന്നപ്പോൾ തോൽവി ഉണ്ടായെന്ന് മാത്രമല്ല പാർട്ടിയുടെ വോട്ടുകളിൽ വമ്പൻ അടിയൊഴുക്കുകൾ നടന്നുവെന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കഴിഞ്ഞ തവണ ലഭിച്ചതിലും ഒരു ലക്ഷം വോട്ടിന്റെ കുറവാണ് ഇത്തവണ സിപിഎമ്മിന് മണ്ഡലത്തിൽ ഉണ്ടായത്. ബിജെപിക്ക് വലിയ മുന്നേറ്റവുമുണ്ടായി. ഇതിൽ ഉൾപ്പെടെ പാർട്ടി പ്രതിരോധത്തിൽ ആയ സമയത്താണ് സുധാകരനെ പോലെയുള്ള മുതിർന്ന നേതാക്കൾ വീണ്ടും സിപിഎമ്മിനെ വലയ്ക്കുന്നത്.












Click it and Unblock the Notifications