ആലപ്പുഴയിൽ വീണ്ടും ഗുണ്ടാസംഗമം; ആഘോഷത്തിൽ പങ്കെടുത്തത് 13 പേർ, വിരുന്നൊരുക്കി ഡിവൈഎഫ്ഐ നേതാവും
ആലപ്പുഴ: ജില്ലയിൽ ഭീതിപടർത്തി കൊണ്ട് വീണ്ടും ഗുണ്ടകളുടെ ആഘോഷ ഒത്തുചേരൽ. പുന്നപ്രയിലാണ് കഴിഞ്ഞ ദിവസം എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 13 പേർ ഒത്തുചേർന്നത്. സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത മറ്റു ജില്ലകളിലെ കാപ്പ കേസ് പ്രതികൾ ആലപ്പുഴ താവളമാക്കുന്നു എന്നാണ് ലഭ്യമായ വിവരം.
ആഘോഷത്തിൽ പങ്കെടുത്തവരിൽ തൃശൂരിലെ രണ്ടു കാപ്പ കേസ് പ്രതികൾ, കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതി, വ്യാപാരിയെ തടഞ്ഞു സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൾ, സ്‌പിരിറ്റ് കേസ് പ്രതികൾ തുടങ്ങിയവർ ഉണ്ടായിരുന്നു എന്നാണ് സൂചന. വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയവരാണ് ഇവർ. ഒത്തുചേരലിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

സംഘബലം കാണിക്കാനാണ് ഗുണ്ടകൾ ഇത്തരത്തിൽ ഒത്തുകൂടുന്നതെന്നും ദൃശ്യങ്ങൾ പുറത്തുവരുന്നതിലൂടെ സംഘബലം പ്രദർശിപ്പിച്ചു പുതിയ ക്വട്ടേഷനുകൾ നേടുകയാണ് ലക്ഷ്യമെന്നും പോലീസ് വിലയിരുത്തുന്നു. ഇത്തരം സംഘം ചേരലുകൾക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഒത്തുചേരലുകളുടെ റീൽസുകൾ ചിത്രീകരിച്ച് ഇവർ തന്നെ പുറത്തുവിടുകയാണെന്നാണ് വിവരം.
അതേസമയം, ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകളുടെ സംഗമം നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റിയംഗം വീട്ടിൽ ഒരുക്കിയ വിരുന്നിലാണ് നിരവധി കേസുകളിലെ പ്രതികളായ ഗുണ്ടകൾ പങ്കെടുത്തതെന്നാണ് പോലീസിന് ലഭിച്ച വിവരം.
നേരത്തെ കായംകുളത്തു പിറന്നാൾ ആഘോഷത്തിനായി ഒത്തുകൂടിയ പത്ത് ഗുണ്ടകളെ പോലീസ് പിടികൂടിയിരുന്നു. എസ്‌ഡിപിഐ നേതാവായിരുന്ന കെഎസ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൊലക്കേസ് പ്രതിയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാനാണ് വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ക്വട്ടേഷൻ-ഗുണ്ടാ തലവൻമാർ ഒത്തുകൂടിയത്.
ഹരിപ്പാട്ടെ കൊലക്കേസ് പ്രതി, കനകക്കുന്നിലെ കാപ്പ കേസിലെ പ്രതി, കായംകുളത്തെ പിടികിട്ടാപ്പുള്ളി തുടങ്ങി ജില്ലയിലെ ഭരണകക്ഷി ബന്ധമുള്ള ക്വട്ടേഷൻ നേതൃത്വമാണ് മറ്റൊരു സംഘ തലവനായ പെരുമ്പാവൂർ അനസിന്റെ സംഘത്തിലെ പ്രധാനിയായ ചേർത്തലയിലെ ഷാൻ എന്നയാളുടെ വീട്ടിൽ സംഘടിച്ചത്.
കാപ്പ കേസിൽ ഉൾപ്പെട്ടതിനാൽ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള താറാവ് ശ്യാം, ആലപ്പുഴയിൽ കൊലക്കേസ് പ്രതിയായ ഷാരോൺ, കായംകുളത്ത് നവകേരള സദസിന്റെ സുരക്ഷ സേനയുടെ കുപ്പായം അണിഞ്ഞ് ക്വട്ടേഷൻ നടപ്പാക്കിയ കേസിലെ പിടികിട്ടാപ്പുള്ളിയായ അരുൺ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications