ആലപ്പുഴയിലെ നിയമ വിദ്യാർഥിനിയുടെ ആത്മഹത്യ; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അറസ്‌റ്റിൽ
ആലപ്പുഴ: കാവാലത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായിരുന്ന നിയമ വിദ്യാർഥിനി ആതിര തിലകൻ ജീവനൊടുക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറി അറസ്‌റ്റിൽ. കാവാലം പത്തിൽചിറ വീട്ടിൽ പിഎൻ അനന്തുവിനെയാണ് കൈനടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് അറസ്‌റ്റിലായ അനന്തു. ജനുവരി 5നായിരുന്നു കാവാലം രണ്ടരപ്പറയിൽ ആർവി തിലകിന്റെ മകൾ ആതിര (25) ആത്മഹത്യ ചെയ്‌തത്. അറസ്‌റ്റിലായ അനന്തുവും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്ന ആതിരയും തമ്മിലുള്ള വിവാഹ നിശ്ചയം 2 വർഷം മുൻപ് നടന്നിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം അനന്തു പതിവായി ആതിരയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. സംഭവ ദിവസവും അനന്തു ആതിരയെ കാണാൻ വീട്ടിലെത്തിയിരുന്നു. ആതിരയും അനന്ദുവും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇയാൾ ആതിരയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ആതിരയുടെ മുത്തച്ഛൻ പോലീസിനോട് പറഞ്ഞിരുന്നു.
ഇതിൽ മനംനൊന്താണ് ആതിര ആത്മഹത്യ ചെയ്‌തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവ ദിവസം ആതിരയുടെ മുത്തച്ഛൻ ആർകെ വാസു മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം 13ന് ആതിരയുടെ മുത്തച്ഛൻ വാർധക്യ സഹജമായ രോഗങ്ങൾമൂലം മരണപ്പെട്ടിരുന്നു.
മത്സ്യവ്യാപാരികളായ അച്ഛനും അമ്മയും ജോലിക്ക് ശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് ആതിരയെ വീടിന്റെ മുകളിലത്തെ നിലയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആതിരയുടെ മുത്തച്ഛന്റെ മൊഴിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. അറസ്‌റ്റിലായ അനന്തുവിനെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.












Click it and Unblock the Notifications