ഇത് കേരളത്തിന്റെ സ്വന്തം 'ബരക്കുഡ'; രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാർ ഇലക്ട്രിക് ബോട്ട്...
ആലപ്പുഴ: രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങി. മന്ത്രി പി രാജീവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗോവയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാള്‍ട്ടും സംയുക്തമായി വികസിപ്പിച്ച ബോട്ടാണിത്. അരൂരിലുള്ള പാണാവള്ളി യാര്‍ഡിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ചാട്ടുളി പോലെ അതിവേഗതയിൽ നീങ്ങുന്ന കടല്‍ മത്സ്യമായ ബരക്കുഡയുടെ പേരാണ് ഈ ബോട്ടിന് നല്‍കിയിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ ഉയര്‍ന്ന വേഗതയും ഒറ്റ ചാര്‍ജില്‍ ഏഴു മണിക്കൂര്‍ റേഞ്ചും ബോട്ടിന് ലഭിക്കുമെന്ന് മന്ത്രി രാജീവ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.

ശബ്‌ദം, വൈബ്രേഷൻ, മലിനീകരണം എന്നിവയില്ലാത്ത ബോട്ടില്‍ ഒരേ സമയം 12 പേര്‍ക്ക് വരെ യാത്ര ചെയ്യാൻ കഴിയും. നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാൻ പാകത്തില്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബോട്ടാണ് ബാരക്കുഡ. അത്യധികം വെല്ലുവിളി നിറഞ്ഞ സമുദ്രയാത്രയിൽ മികവ് തെളിയിക്കും ഈ തദ്ദേശീയ ബോട്ടെന്നാണ് വിലയിരുത്തൽ.
14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ഈ ബോട്ട് ഇരട്ട 50 കിലോവാട്ട് ഇലക്‌ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽ.എഫ്.പി. ബാറ്ററി, ആറു കിലോവാട്ട് സോളാർ പവർ എന്നിവയുടെ ശക്തി ഉൾക്കൊള്ളുന്ന വാഹനമാണ്.
പി രാജീവിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം:
ഇന്ന് അരൂരിൽ നവകേരള സദസ്സ് നടക്കുമ്പോൾ അതിന് തൊട്ടടുത്തായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങുകയാണ്. കേരളത്തിൽ ഉയർന്നുവരുന്ന സംരംഭങ്ങളുടെ സാങ്കേതിക മികവ് കൂടി വ്യക്തമാക്കുന്നതാണ് ഈ അത്യാധുനിക പരിസ്ഥിതി സൗഹൃദ ബോട്ട്.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ബോട്ട് ആലപ്പുഴ അരൂരിലുള്ള പാണാവള്ളി യാർഡിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. അതിവേഗത്തിൽ നീങ്ങുന്ന കടൽ മത്സ്യമായ ബരക്കുഡയുടെ പേരാണ് ഈ ബോട്ടിന് നൽകിയിരിക്കുന്നത്.
12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗതയും ഒറ്റ ചാർജിൽ 7 മണിക്കൂർ റേഞ്ചും ബോട്ടിനുണ്ട്. 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ബോട്ടിൽ ഒരുസമയം 12 പേർക്ക് യാത്ര ചെയ്യാം. ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽ.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാർ പവർ എന്നിവയുടെ ശക്തി ഉൾക്കൊള്ളുന്നതാണ്.
നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാം. നവാൾട്ടിന്റെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിവിധ ഇലക്ട്രിക് ബോട്ടുകൾ സാങ്കേതിക വിദ്യയ്ക്കും ഡിസൈനും കാർബൺ വിമുക്ത സമുദ്ര ഗതാഗതത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുണ്ട്.












Click it and Unblock the Notifications