പക്ഷിപ്പനി ഭീഷണി ഒഴിയുന്നില്ല; ആലപ്പുഴ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
ആലപ്പുഴ: പക്ഷിപ്പനി ഭീതി തുടരുന്ന ആലപ്പുഴ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ മനുഷ്യരിലേക്ക് രോഗബാധ ഉണ്ടാവാതിരിക്കാൻ ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പ് ജാഗ്രത ഏർപ്പെടുത്തിയത്. ഇത്തവണ ആലപ്പുഴയിൽ ആദ്യം രോഗബാധ കണ്ടെത്തിയത് എടത്വ, ചെറുതന മേഖലകളിലാണ്.
ഏപ്രിൽ മുതൽ ജില്ലയിൽ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരിൽ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. എന്നാൽ, പശ്ചിമബംഗാളിൽ നാലു വയസുകാരിക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആലപ്പുഴയിലും നിരീക്ഷണം കർശനമാക്കുന്നത് എന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം.

അടുത്തിടെ മെക്‌സിസിക്കോയിൽ പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു. ഇതും ആശങ്ക ഉയർത്തുന്നുണ്ട്. അത് കൂടി കണക്കിലെടുത്താണ് നിലവിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. എച്ച് 5 എന്‍ 2 വൈറസാണ് ആലപ്പുഴയില്‍ പക്ഷികളിൽ കണ്ടെത്തിയത്. ഇതേ വൈറസാണ് മെക്‌സിക്കോയില്‍ മനുഷ്യ ജീവനെടുത്തത്. ഇതാണ് ആശങ്ക കൂടാൻ കാരണം.
അതേസമയം, പശ്ചിമബംഗാളിലെ പുതിയ കേസുള്‍പ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 2019ലായിരുന്നു ആദ്യത്തെ സംഭവം. ജനിതക വ്യതിയാനം സംഭവിച്ചാല്‍ പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
പക്ഷികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആളുകൾക്ക് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്രവപരിശോധന നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആലപ്പുഴ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലാണ് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കൂടാതെ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ ചികിത്സ നല്‍കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സജ്ജീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ സംസ്ഥാനത്ത് ആദ്യമായി കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതും ആലപ്പുഴ ജില്ലയിലാണ്. കോഴികളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്‌ത ചേര്‍ത്തല മുഹമ്മ നാലാം വാര്‍ഡില്‍ ചത്തുവീണ ഒരു കാക്കയുടെ സാമ്പിള്‍ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി കണ്ടെത്തിയത്. ഇതോടെ ആശങ്ക വർധിച്ചിരുന്നു.
സാധാരണ പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ആ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തു പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയാണ് രോഗം നിയന്ത്രണവിധേയമാക്കുക. എന്നാല്‍ കാക്കകളില്‍ ഇതെങ്ങനെ പ്രായോഗികമാവും എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. കാക്കകൾ കൂട്ടത്തോടെ കഴിയുന്ന മേഖലകളിൽ രോഗം പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.












Click it and Unblock the Notifications