ആലപ്പുഴയിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ബണ്ടി ചോറോ? ജാഗ്രതാ നിർദ്ദേശവുമായി പോലീസ്, ഭയക്കണം
ആലപ്പുഴ: കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോര്‍ അമ്പലപ്പുഴയിലെത്തിയതായി സൂചന. അമ്പലപ്പുഴ നീര്‍ക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ബണ്ടി ചോറിന്റെ രൂപ സാദൃശ്യമുള്ള ഒരാൾ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഉദാ ജീവനക്കാർ വിവരം അറിയിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇയാൾ ബാർ ജീവനക്കാരുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈടെക് കള്ളനായ ബണ്ടി ചോര്‍ കേരളത്തിന് അകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയാണ്. ജില്ലയിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകൾക്കും ജാഗ്രത പാലിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി.

എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും ജില്ലാ പോലീസ് മേധാവി നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ഹോട്ടലുകളിൽ പരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ടിഷർട്ട് ധരിച്ചാണ് ഇയാൾ ബാറിലെത്തിയത്. ബിയർ കുടിക്കുകയും മറ്റ് ചിലരോട് സംസാരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. നിലവിൽ ഇയാൾ അമ്പലപ്പുഴ ഭാഗത്തുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ജനങ്ങളോടും ജാഗ്രത പുലർത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം ലഭിക്കുന്നവർ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ആരാണ് ബണ്ടി ചോർ?
ദേവീന്ദർ സിംഗ് എന്നാണ് ബണ്ടി ചോറിന്റെ യഥാർത്ഥ പേര്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കള്ളന്മാരിൽ ഒരാൾ. പേര് പോലെ തന്നെ വേറിട്ട രീതികളാണ് ബണ്ടി ചോറിന്റേത്. കാവലിന് നായയുള്ള വീട്ടിൽ കയറാൻ സാധാരണ മോഷ്‌ടാക്കൾ മടിക്കുമ്പോൾ, ഏത് മെരുങ്ങാത്ത നായയേയും മെരുക്കിയെടുത്ത് അതേ വീട്ടിൽ കയറുന്നതാണ് ഇയാളുടെ പതിവ്.
1993ൽ മോഷണക്കേസിൽ ഡൽഹി പോലീസിന്റെ വലയിലായപ്പോഴാണ് ബണ്ടി ചോർ എന്ന പേര് ആദ്യമായി വാർത്തകളിൽ വരുന്നത്. പിന്നീട് നൂറുകണക്കിന് മോഷണങ്ങൾ, നിരവധി അറസ്‌റ്റുകൾ, ജയിൽവാസത്തിന്റെ നീണ്ട നാളുകൾ ഒക്കെ നടന്നിട്ടും ബണ്ടി ചോറിന് മാത്രം ഒരു മാറ്റവുമില്ല. പോലീസ് കസ്‌റ്റഡിയിൽ പലപ്പോഴും രക്ഷപ്പെട്ട ചരിത്രവുമുണ്ട് ബണ്ടി ചോറിന്.
2013ലാണ് ബണ്ടി ചോറിനെ കേരള പോലീസ് പിടികൂടുന്നത്. അതിസുരക്ഷാ സംവിധാനങ്ങൾ മറികടന്നു തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളിൽ കയറി മോഷണം നടത്തിയതായിരുന്നു കേസ്. 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ, ലാപ്ടോപ്, 2 മൊബൈൽ ഫോൺ എന്നിവയായിരുന്നു മോഷ്‌ടിച്ചത്. പൂനെയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പത്ത് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം 2023ലാണ് ഇയാൾ ജയിൽ മോചിതനായത്.












Click it and Unblock the Notifications