ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്
ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കളക്ട്രേറ്റിലേക്കായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. എന്നാൽ കളക്ട്രേറേറ്റിലേക്ക് മാർച്ച് എത്തുന്നതിന് മുൻപേ തന്നെ ബാരിക്കേഡ് സ്ഥാപിച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞിരുന്നു.
നഗരസഭാ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശുകയും, ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തിരുന്നു. ജലപീരങ്കിക്ക് നേരെ പ്രവർത്തകർ കല്ലും കമ്പും വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉൾപ്പെടെയുള്ളവരെ ഇവിടെ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ പോലീസുകാർ വളഞ്ഞിട്ട് തല്ലി. പ്രവീണിന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. വനിതാ പ്രവർത്തകർക്ക് ഉൾപ്പെടെ ലാത്തിക്ക് തലക്കടിയേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ സൗത്ത് പോലീസ് സ്‌റ്റേഷനിൽ എത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പോലീസ് ചികിത്സ നിഷേധിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് പാലക്കാട്ടും കൊച്ചിയിലും നടന്ന യൂത്ത് കോൺഗ്രസിന്റെ മാർച്ചുകളിലും സംഘർഷമുണ്ടായിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകയുടെ മുടിയിൽ ചവിട്ടി പിടിച്ച പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു വരുന്നുണ്ട്.
എന്നാൽ ഇതിനെതിരെ വേറിട്ട പ്രതിഷേധവുമായി ഇന്ന് യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഡിജിപിക്ക് തലമുടി പോസ്‌റ്റാലായി അയച്ചാണ് വനിത പ്രവർത്തകർ പ്രതിഷേധിച്ചത്. 'ബൂട്ടിനടിയിൽ ചതയുന്നതല്ല പെൺപ്രതിഷേധം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇവർ തിരുവനന്തപുരത്ത് പ്രതിഷേധിച്ചത്.
അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത അക്രമ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്.
നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ കലാശിച്ചതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്. നിലവിൽ തിരുവനന്തപുരം പൂജപ്പുര ജയിലിലാണ് രാഹുൽ മാങ്കൂട്ടത്തിൽ കഴിയുന്നത്.












Click it and Unblock the Notifications