ആലപ്പുഴ നൂറനാട്ടെ മണ്ണെടുപ്പ് പുനരാരംഭിച്ചു; സ്‌റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ
ആലപ്പുഴ: വൻ പ്രതിഷേധങ്ങൾക്ക് ഇടയിലും ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് നടപടികൾ പുനരാരംഭിച്ചു. മറ്റപ്പള്ളിയിലെ മലയിലേക്ക് ഇതിനായി ലോറികൾ എത്തി തുടങ്ങി. വീണ്ടും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കൃഷിമന്ത്രി പി പ്രസാദിന്റെ വീടിനടുത്താണ് വിവാദമായ മണ്ണെടുപ്പ് നടക്കുന്നത്.
മണ്ണെടുത്ത മൂന്ന് ലോറികള്‍ നാട്ടുകാർ പ്രദേശത്ത് തടഞ്ഞിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ മാവേലിക്കര തഹസില്‍ദാര്‍ സ്ഥലത്തെത്തി കരാറുകാരനുമായി ചര്‍ച്ച നടത്തി. മണ്ണെടുപ്പ് നിർത്തി വയ്ക്കാനുള്ള സർവകക്ഷി യോഗത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കരാറുകാരൻ. ഇതോടെ കൂടുതൽ പേരെ സ്ഥലത്തെത്തിക്കാനാണ് നാട്ടുകാരുടെ നീക്കം.

മല ഇടിച്ച് മണ്ണെടുക്കുന്നതിനെ നാട്ടുകാർ എതിർത്തതോടെ നേരത്തെ സർവകക്ഷി യോഗം വിളിച്ചിരുന്നു. യോജിച്ച തീരുമാനം ഉണ്ടാകുന്നത് വരെ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ ഈ യോഗത്തിൽ തീരുമാനം എടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് വീണ്ടും മണ്ണെടുപ്പ് നടപടികൾ മുന്നോട്ട് നീക്കാൻ കരാറുകാരൻ ശ്രമം ആരംഭിച്ചത്.
മണ്ണെടുപ്പിന് ഇതുവരെ സ്‌റ്റോപ്പ് മെമ്മോ നൽകിയിട്ടില്ലെന്നാണ് കരാറുകാരൻ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്. സർക്കാർ പൊറാട്ടുനാടകം കളിക്കുന്നു. തനിക്ക് ഇതുവരെ ഒരു കടലാസ് പോലും ലഭിച്ചിട്ടില്ല. മാധ്യമങ്ങളോട് പറഞ്ഞതല്ല തന്നോട് പറഞ്ഞത്. മണ്ണെടുക്കുന്നതിന് പോലീസിന്റെ പിന്തുണ തനിക്കുണ്ട്. ഇതുവരെ മണ്ണെടുക്കാതിരുന്നത് മഴ മൂലമാണെന്നും കരാറുകാരൻ പ്രതികരിച്ചു.
നവംബർ 16ന് മണ്ണെടുപ്പ് നിർത്തിവച്ചു കൊണ്ട് കളക്‌ടർ ഉത്തരവിറക്കിയിരുന്നു. കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. മണ്ണെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ കളക്‌ടർ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ഇന്ന് കളക്‌ടർ കൈമാറാനിരിക്കെയാണ് മേഖലയിൽ വീണ്ടും മണ്ണെടുപ്പ് നടക്കുന്നത്.
പരിസ്ഥിതി പഠനം അനുസരിച്ചല്ല മണ്ണെടുപ്പിന് അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. മണ്ണെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്. അനുമതിയോടെ തന്നെയാണ് മണ്ണെടുപ്പ് ആരംഭിച്ചത്. എന്നാൽ, പരിസ്ഥിതി പഠനം അനുസരിച്ചല്ല ഈ അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഈ നിലപാടിന് ഘടകവിരുദ്ധമായാണ് ഇപ്പോൾ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്.
കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ എതിർത്തുവരികയാണ്. ഇപ്പോൾ ദേശീയപാത നിര്‍മാണത്തിനായാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ കുന്നിടിച്ചു മണ്ണെടുക്കാൻ ആരംഭിച്ചത്. കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.












Click it and Unblock the Notifications