'സിപിഎം നേതാക്കൾ ബിജെപിയ്ക്ക് വോട്ട് മറിച്ചു'; കായംകുളത്തെ വിഭാഗീയത വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്‌റ്റ്
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത വീണ്ടും മറനീക്കി പുറത്ത്. കായംകുളം നിയോജകമണ്ഡലത്തിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്ത് പോയതിന് പിന്നാലെ വിമർശനവുമായി ഫെയ്‌സ്ബുക്ക് പോസ്‌റ്റ് പങ്കുവച്ചതോടെയാണ് വിഭാഗീയതയിലേക്ക് വെളിച്ചം വീശുന്നത്. 'കായംകുളത്തിന്റെ വിപ്ലവം' എന്ന പാർട്ടി അനുകൂല ഫെയ്‌സ്ബുക്ക് പേജിലാണ് വിമർശനം ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേതാക്കൾ ബിജെപിക്ക് വോട്ടുമറിച്ചെന്നാണ് പ്രധാനമായും ഉയർത്തുന്ന ആരോപണം. ഇവിടെ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. സിപിഎം നേതാക്കൾക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് പോസ്‌റ്റിൽ ഉന്നയിച്ചിരിക്കുന്നത്.

പത്തിയൂരിൽനിന്നുള്ള ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരേയും ദേവികുളങ്ങരയിലെയും കൃഷ്‌ണപുരത്തെയും നേതാക്കൾക്കെതിരേയും പോസ്‌റ്റിൽ ആക്ഷേപം ഉയർത്തുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റായ ആലപ്പുഴ മണ്ഡലം കൈവിട്ടതിന് പിന്നാലെയാണ് പാർട്ടിയുടെ ശക്തി കേന്ദ്രമായ കായംകുളത്തെ വോട്ട് ചോർച്ചയെ പറ്റി ചർച്ചകൾ ഉയരുന്നത്.
മണ്ഡലത്തിൽ ആരിഫ് പിന്നോട്ട് പോയപ്പോൾ ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ വൻ കുതിപ്പാണ് നടത്തിയത്. ഇതോടെയാണ് വിമർശനം ശക്തമായത്. പാർട്ടി തലത്തിൽ തന്നെ ഇക്കാര്യത്തിൽ ചർച്ചകൾ സജീവമാണ്. ആരിഫിന്റെ കനത്ത തോൽവിയിൽ ആലപ്പുഴ സിപിഎം ഞെട്ടലിലാണ്. ഇതിനിടയിലാണ് വിഭാഗീയത വീണ്ടും തലപൊക്കുന്നത്.
നേരത്തെ ഇതിന് പാർട്ടി നേതൃത്വം ഇടപെട്ട് ഒരു അറുതി വരുത്തിയതാണ്. നിലവിൽ ഓരോ നേതാവിനെയും പിന്തുണച്ച് പ്രത്യേകം ഫെയ്‌സ്ബുക്ക് പേജുകളുണ്ട്. സൈബർയുദ്ധത്തിനും ഇടക്കാലത്ത് താൽക്കാലിക വിരാമം ഇട്ടിരുന്നു. ഇതിന് ശേഷം കുറെ നാളുകളായി ഗ്രൂപ്പുകൾ സജീവമല്ലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇത് സജീവമാവുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ വിജയം നേടിയ ആരിഫ് ഇക്കുറി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്ന് മാത്രമല്ല ബിജെപി കൂടുതൽ കരുത്താർജിക്കുന്നതും ഫലങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അറുപത്തിനായിരത്തിൽ അധികം വോട്ടുകൾക്കാണ് കെസി വേണുഗോപാൽ മണ്ഡലം പിടിച്ചെടുത്തത്. ശോഭ സുരേന്ദ്രൻ എൻഡിഎക്ക് വേണ്ടി ഏതാണ്ട് മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ടുകൾ നേടിയെന്നത് ശ്രദ്ധേയമാണ്.
ഇതിനിടയിലാണ് വോട്ട് മറിച്ചുവെന്ന ആരോപണവുമായി സിപിഎം അനുകൂല ഗ്രൂപ്പ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടാണ് സിപിഎമ്മിന് ഇക്കുറി കുറഞ്ഞിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിക്ക് ആവട്ടെ ഒരു ലക്ഷം വോട്ട് അധികമായി കിട്ടിയിട്ടുമുണ്ട്. ഇത് സിപിഎമ്മിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും എന്നുറപ്പാണ്.












Click it and Unblock the Notifications