സ്‌റ്റൈപെൻഡ് വിതരണം മുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിട്ടു; ആലപ്പുഴ മെഡിക്കൽ കോളേജിൽ 234 ഡോക്‌ടർമാർ സമരത്തിൽ
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്‌ടർമാർ സമരത്തിലേക്ക്. സ്‌റ്റൈപെൻഡ് വിതരണം മുടങ്ങിയതോടെയാണ് ഇവർ സമരത്തിന് ഇറങ്ങിയത്. ആശുപത്രിയിലെ 234 പിജി ഡോക്‌ടർമാരാണ് സമരം ചെയ്യുന്നത്. എല്ലാ മാസവും പത്താം തീയതിയോടെയാണ് സാധാരണയായി സ്‌റ്റൈപെൻഡ് ലഭിച്ചിരുന്നത്.
എന്നാൽ ഇക്കുറി ഏപ്രിൽ 19 ആയിട്ടും സ്‌റ്റൈപെൻഡ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഡോക്‌ടർമാർ സമരം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ഇതിന് പിന്നാലെ ആശുപത്രിയുടെ പ്രവർത്തനത്തെയും സമരം സാരമായി ബാധിച്ചു. അത്യാഹിത വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും ഡോക്‌ടർമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതോടെ രോഗികളും വലയുകയാണ്.

കഴിഞ്ഞ ദിവസം വിഷയം ചൂണ്ടിക്കാട്ടി പിജി ഡോക്‌ടർമാരും സീനിയർ റസിഡന്റുമാരും കോളേജിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. ആലപ്പുഴയൊഴികെ ബാക്കി എല്ലാ മെഡിക്കൽ കോളേജുകളിലും സ്‌റ്റൈപെൻഡ് കിട്ടിയിട്ടുണ്ടെന്നാണ് പിജി അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നത്. മുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിട്ടിട്ടും കൃത്യമായി നടപടി എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
അടുത്തിടെ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. രോഗികൾക്ക് ഡോക്‌ടർമാർ നിർദ്ദേശിക്കുന്ന മരുന്നിൽ ഭൂരിഭാഗവും ഫാർമസിയിൽ ഇല്ലാത്ത സ്ഥിതിവിശേഷമായിരുന്നു. ആശുപത്രിയിൽ നിന്ന് മരുന്ന് കിട്ടാതായതോടെ വൻ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലായിരുന്നു നിർധനരായ രോഗികൾ. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
അതിരാവിലെ ഒപിയിലെ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തിരുന്നാണ് പല രോഗികളും ഡോക്‌ടർമാരെ കാണുന്നത്. ഇതിന് ശേഷം ഫാർമസിയിലെ നീണ്ട ക്യൂവിൽ ദീർഘനേരം നിന്ന് കൗണ്ടറിലെത്തുമ്പോഴായിരിക്കും മരുന്നില്ലെന്ന കാര്യം പലരും അറിയുക. ഹൃദ്രോഗം, ന്യൂറോ, അർബുദ , വൃക്ക രോഗികൾക്കുള്ള മരുന്നുകൾക്ക് ഉൾപ്പെടെ ക്ഷാമം നേരിട്ടിരുന്നു.
ഇപ്പോഴിതാ അതിന്റെ തുടർച്ചയായി പിജി ഡോക്‌ടർമാരുടെ സ്‌റ്റൈപെൻഡ് വിതരണം കൂടി മുടങ്ങിയതോടെ രോഗികളുടെ ദുരിതം ഇരട്ടിയാവുകയാണ്. കാഷ്വാലിറ്റി ഉൾപ്പെടെ പ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടെ ഉള്ള ഡോക്‌ടർമാർ പോലും പണിമുടക്കിന് പിന്തുണ അറിയിച്ചതോടെ രോഗികൾ വലയുകയാണ്. പ്രശ്‌ന പരിഹാരം എന്നുണ്ടാവുമെന്ന കാര്യത്തിൽ ഇതുവരെയും ഒരു ധാരണ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications