'സമരവും ഭരണവും എന്താണെന്ന് പഠിപ്പിക്കാൻ വരണ്ട'; എംടിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ
ആലപ്പുഴ: രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയ്‌ക്കെതിരെയും, മൂല്യച്യുതിക്കെതിരെയും ശക്തമായ ഭാഷയിൽ പ്രതികരിച്ച പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം ആലപ്പുഴയിൽ ഒരു പൊതുപരിപാടിക്കിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
കടുത്ത ഭാഷയിലായിരുന്നു സുധാകരന്റെ വിമർശനം. എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം വിമർശിച്ചു. അതിനിടെ എംടി വാസുദേവൻ നായരുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി സജി ചെറിയാനും തന്റെ നിലപാട് വ്യക്തമാക്കി.

അദ്ദേഹത്തിന് അഭിപ്രായം പറയാൻ അധികാരമുണ്ട്. ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ജി സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
എംടി സംസ്ഥാനത്തെ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ചെന്നത് മാധ്യമ വ്യാഖ്യാനമാണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായിരുന്ന ബൃന്ദ കാരാട്ടിന്റെ മറുപടി. ഇല്ലാത്ത കാര്യങ്ങളിൽ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്നതിൽ കേരളത്തിലെ ചില മാധ്യമ കേന്ദ്രങ്ങൾ വിദഗ്‌ധരാണെന്നും, എംടിയുമായി ബന്ധപ്പെട്ട വിവാദം അതിന് ഉദാഹരണമാണെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
അതേസമയം, കോഴിക്കോട് വച്ച് നടന്ന കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ വേദിയിൽ വച്ചായിരുന്നു എംടി വാസുദേവൻ നായരുടെ രാഷ്ട്രീയ വിമർശനം. പൊതുവെ ഇത്തരം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന എംടിയുടെ ഭാഗത്ത് നിന്നുണ്ടായ അപ്രതീക്ഷിത പ്രസ്‌താവന സിപിഎമ്മിനും, സർക്കാരിനും ഒരേ സമയം ഞെട്ടലുണ്ടാക്കുന്നതും, പ്രതിസന്ധിയിലാക്കുന്നതും ആയിരുന്നു.
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നുമായിരുന്നു എംടിയുടെ വിമർശനം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഇതിന്റെ ചുവടുപിടിച്ച് എം മുകുന്ദൻ ഉൾപ്പെടെയുള്ള എഴുത്തുകാരും രാഷ്ട്രീയ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുകുന്ദന് പുറമെ എൻഎസ് മാധവനും, സിനിമാ താരങ്ങളായ ബാലചന്ദ്ര മേനോൻ, ഹരീഷ് പേരടി തുടങ്ങിയവരും വിമർശനം ഉന്നയിച്ചു. ഇതോടെ പ്രതിപക്ഷവും സംഭവം ഏറ്റെടുത്തത് സർക്കാരിനും പാർട്ടിക്കും ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. അതിനിടെയാണ് സുധാകരനെ പോലെ മുതിർന്ന നേതാവ് ഇതിന് മറുപടിയുമായി രംഗത്ത് വരുന്നത്.












Click it and Unblock the Notifications