ആലപ്പുഴയിൽ വീണ്ടും ദൃശ്യം മോഡൽ കൊല; യുവതിയെ തലക്കടിച്ചു കൊന്നു, കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്‌തു
ആലപ്പുഴ: അമ്പലപ്പുഴയെ നടുക്കി ദൃശ്യം മോഡൽ കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കോൺക്രീറ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്‌മി എന്ന യുവതിയാണ് കൊല്ലപ്പട്ടത്. കേസിലെ പ്രതിയായ ജയചന്ദ്രനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഈ ഏപ്രിൽ മാസത്തിലും ആലപ്പുഴയിൽ സമാനമായ രീതിയിൽ കുറ്റകൃത്യം നടന്നിരുന്നു.
അതേസമയം, സംഭവത്തിൽ കരുനാഗപ്പള്ളി പോലീസാണ് പ്രതിയായ ജയചന്ദ്രനെ പിടികൂടിയത്. പ്ലയർ കൊണ്ട് തലയ്ക്ക് അടിച്ച് ഇയാൾ വിജയലക്ഷ്‌മിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വിജയലക്ഷ്‌മിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അവരുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു. നവംബർ പതിമൂന്നിനായിരുന്നു ബന്ധുക്കൾ പരാതി നൽകിയത്. നവംബർ 6 മുതൽ കാണാനില്ലെന്നായിരുന്നു പരാതി.

ഇതിന് ശേഷം അന്വേഷണം ഏറ്റെടുത്ത കരുനാഗപ്പള്ളി പോലീസാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ കണ്ടെത്തിയത്. നവംബർ ഏഴിന് രാത്രിയാണ് വിജയലക്ഷ്‌മി കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ശേഷം പോലീസ് അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതി ശ്രമിക്കുകയും ചെയ്‌തിരുന്നു എന്നാണ് ലഭ്യമായ വിവരം.
ദൃശ്യം സിനിമയിലേത് പോലെ തന്നെ കൊല്ലപ്പെട്ടയാളുടെ ഫോൺ ഉപേക്ഷിക്കുന്നതിന് പകരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിൽ വിദഗ്‌ധമായി കൊണ്ടിട്ട് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു പ്രതി ജയചന്ദ്രന്റെ ശ്രമം. ഇതിനായി കൊലപാതക ശേഷം കൊച്ചിയിലെത്തിയ ഇയാൾ കണ്ണൂരിലേക്ക് പോവുന്ന കെഎസ്ആർടിസി ബസിൽ വിജയലക്ഷ്‌മിയുടെ ഫോൺ ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് പോലീസ് അന്വേഷണം ഫോൺ കേന്ദ്രീകരിച്ച് നടക്കും എന്നായിരുന്നു പ്രതി കരുതിയത്. എന്നാൽ ഈ ഫോൺ തന്നെയാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷി മൊഴി കേസിൽ നിർണായകമായി. അമ്പലപ്പുഴ കാരൂർ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രൻ. ഇയാളുടെ വീടിന് സമീപം പണി നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു വീട്ടിലായിരുന്നു വിജയലക്ഷ്‌മിയുടെ മൃതദേഹം കുഴിച്ചിട്ടത്.
നേരത്തെ ഈ ഏപ്രിൽ മാസത്തിലും ആലപ്പുഴ ജില്ലയിൽ സമാനമായ രീതിയിൽ കുറ്റകൃത്യം നടന്നിരുന്നു. ആലപ്പുഴ പൂങ്കാവിലാണ് ദൃശ്യം മോഡൽ കൊലപാതകം നടന്നത്. അറുപതുകാരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. വടക്കൻ പറമ്പിൽ റോസമ്മ എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. കേസിൽ റോസമ്മയുടെ സഹോദരൻ ബെന്നിയെ പോലീസ് പിടികൂടിയിരുന്നു.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം റോസമ്മയുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തനിക്കൊരു കൈയബദ്ധം പറ്റിയെന്ന് ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഭർത്താവ് ഉപേക്ഷിച്ച റോസമ്മ വർഷങ്ങളായി ബെന്നിയുടെ ഒപ്പമാണ് കഴിഞ്ഞിരുന്നത്.












Click it and Unblock the Notifications