സൗദിയില്‍ നിന്ന് വിനോദിനെ തേടിയെത്തിയത് 'ബംബര്‍ ലോട്ടറി'; അമ്പരപ്പ് മാറുന്നില്ല, 15 വര്‍ഷത്തിന് ശേഷം
കോടതി അനുകൂലമായി വിധിച്ചെങ്കിലും അന്ന് തൊഴിലാളികള്‍ക്ക് നല്‍കാന്‍ പണമില്ലെന്നായിരുന്നു റമദാന്‍ എടുത്ത നിലപാട്.

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ നെടുഞ്ചിറയില്‍ വിനോദ് തന്നെ തേടിയെത്തിയ ഒരു സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ് വിനോദ്. 2004ല്‍ ആയിരുന്നു വിനോദ് സൗദിയില്‍ എത്തിയത്. ആദ്യത്തെ മാസമൊക്കെ കൃത്യമായി ശമ്പളം ലഭിച്ചിരുന്നെങ്കിലും പിന്നീട് അങ്ങോട്ട് എല്ലാം തകിടം മറിഞ്ഞു. അന്ന് മുടങ്ങിപ്പോയ ശമ്പളമാണ് ഇപ്പോള്‍ തൊഴിലുടമ വിനോദിന് അയച്ചു കൊടുത്തത്. . .. .
മുഹമ്മദ് റമദാന്‍ ആയിരുന്നു സൗദിയില്‍ വിനോദിന്റെ തൊഴിലുടമ. അന്ന് റമദാന് വിനോദിന്റെ ശമ്പളം കൃത്യമായി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആ തുകയാണ് ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം വിനോദിന് അയച്ചു നല്‍കിയത്. 2006 ഓടെയാണ് വിനോദിന് ശമ്പളം മുടങ്ങിത്തുടങ്ങിയത്. ഇതോടെ വിനോദിന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ എല്ലാം ലേബര്‍ കോടതിയില്‍ പോയി .
കോടതി അനുകൂലമായി വിധിച്ചെങ്കിലും അന്ന് തൊഴിലാളികള്‍ക്ക് നല്‍കാന്‍ പണമില്ലെന്നായിരുന്നു റമദാന്‍ എടുത്ത നിലപാട്. എന്നാല്‍ ഇതോടെ ബാക്കി നാല് തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. വിനോദ് പിന്നോട്ടുപോയില്ല, തന്റെ കേസുമായി മുന്നോട്ടുപോയി. ഇതോടൊപ്പം തന്റെ അയല്‍വാസിയായ ഷാജി ആലപ്പുഴയുടെ സഹായത്തോടെ തൊഴിലുടമയുമായി സന്ധി സംഭാഷണത്തിന് ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ തന്റെ കയ്യില്‍ പണമില്ലാത്തത് കൊണ്ടാണ് ശമ്പളം തരാന്‍ നല്‍കാത്തതെന്ന് റമദാന്‍ ആവര്‍ത്തിച്ച് പറഞ്ഞു. ചെറിയ വാഹനം ഓടിക്കാനുള്ള ലൈസന്‍സ് മാത്രമാണ് വിനോദിനുള്ളത്. ഈ ലൈസന്‍സ് വച്ച് ട്രെയിലര്‍ ഓടിച്ച കുറ്റത്തിന് വിനോദിന് വലിയ പിഴയും ലഭിച്ചു. പിഴ താന്‍ ഒടുക്കിക്കൊള്ളാമെന്ന വാഗ്ദാനവും തൊഴിലുടമ പാലിച്ചില്ല.
ഇതിനിടെ റമദാന്‍ സര്‍ക്കാര്‍ സഹായത്തോടെ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ അവസരം ലഭിച്ചത്. ഇതിന് വേണ്ടി കേസ് ഒഴിവാക്കി തരണമെന്ന് റമദാന്‍ വിനോദിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ട്രാഫിക് പിഴ 12300 റിയാല്‍ അടച്ചാല്‍ മാത്രമേ വിനോദിന് നാട്ടില്‍ വരാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ നാട്ടിലുള്ള ഭാര്യയുടെ അഭരണം വിറ്റ തുക പിഴയായി അടച്ച് വിനോദ് നാട്ടിലേക്ക് പറന്നിറങ്ങി.
2008ല്‍ ആണ് വിനോദ് നാട്ടിലേക്ക് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലപ്പോഴായും തൊഴിലുടമ വിനോദിനെ ബന്ധപ്പെട്ട് ചെലവായ തുക തിരിച്ച് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വിനോദ് ഇതൊക്കെ മറന്നുപോയിരുന്നു. അങ്ങനെ നില്‍ക്കുമ്പോഴാണ് മധ്യസ്ഥന്‍ ഷാജി ആലപ്പുഴയ്ക്ക് സന്ദേശമെത്തുന്നത്. വിനോദിന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചു കൊണ്ട് റമദാനായിരുന്നു സന്ദേശമയച്ചത്. അക്കൗണ്ട് നമ്പര്‍ നേരത്തെ അയച്ചു നല്‍കിയിട്ടും ഒന്നും സംഭവിക്കാത്തതിനാല്‍ ഇത്തവണയും പ്രതീക്ഷയൊന്നും കൂടാതെ ഷാജി അക്കൗണ്ട് നമ്പര്‍ വീണ്ടും നല്‍കി.
Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് വിനോദിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത്. 12500 റിയാലാണ് അക്കൗണ്ടിലേക്ക് എത്തിയത്. പിന്നാലെ തന്നെ റമദാന്റെ സന്ദേശമെത്തി. താന്‍ ഇപ്പോള്‍ ചെറുതായി ട്രേഡിംഗ് ബിസ്‌നസ് തുടങ്ങിയിട്ടുണ്ടെന്നും അതില്‍ നിന്നും ലഭിച്ച ലാഭമാണ് തനിക്ക് അയച്ചതെന്നുമായിരുന്നു സന്ദേശം.
നിന്റെ കടം വീട്ടുകയാണ്. എനിക്ക് പടച്ചവന്റെ മുന്നില്‍ കടക്കാരനായി നില്‍ക്കാന്‍ വയ്യ എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന വിനോദ് കര്‍ണാടകയില്‍ ഒട്ടം പോയപ്പോഴാണ് ഈ സന്തോഷ വാര്‍ത്തയെത്തിയത് . ഷാജി ആലപ്പുഴ മുഹമ്മദ് റമദാനുമായി നിലനിര്‍ത്തിയ ഊഷ്മളമായ ബന്ധത്തെ തുടര്‍ന്നാണ് തനിക്ക് ഈ പണം ലഭിച്ചതെന്ന് വിനോദ് പറയുന്നു.












Click it and Unblock the Notifications