ആലപ്പുഴയിൽ കുറുവ സംഘത്തിന്റെ സാന്നിധ്യം? മുഖം മറച്ച രണ്ട് പേർ അർധരാത്രിയിൽ, ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: ഭീതിയുടെ മുൾമുനയിൽ നിർത്തി ആലപ്പുഴയിൽ കുറുവ സംഘത്തിന്റെ സാന്നിധ്യമെന്ന് സംശയം. തമിഴ്‌നാട്ടിൽ നിന്നുള്ള കുപ്രസിദ്ധ മോഷ്‌ടാക്കളുടെ സംഘമായ ഇവർ ആലപ്പുഴയിൽ എത്തിയതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ ജില്ലയിൽ ഉള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശവും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ജാഗ്രത.
അർധരാത്രിയിൽ അൽപ്പ വസ്ത്ര ധാരികളായ രണ്ട് പേരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവർ മുഖം മറച്ച നിലയിലാണ് ഉള്ളത്. മണ്ണഞ്ചേരിയിൽ കഴിഞ്ഞ ദിവസം ഒരു മോഷണ ശ്രമം നടന്നിരുന്നു. നേതാജി ജംഗ്‌ഷന് സമീപമാണ് മോഷണ ശ്രമം നടന്നത്. ഇതിന് പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.

അതിലാണ് സംശയാസ്‌പദ സാഹചര്യത്തിൽ രണ്ട് പേരുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതോടെ കുറുവ സംഘം ആലപ്പുഴയിൽ എത്തിയെന്ന സംശയം ഉയർന്നിരിക്കുന്നത്. ഇതോടെ ജനങ്ങളെല്ലാം വളരയേധികം ആശങ്കയിലാണ്. അർധ നഗ്നരായി മുഖം മറച്ചുകൊണ്ട് മോഷണത്തിനെത്തുന്നതാണ് കുറുവ സംഘത്തിന്റെ ശൈലി. ഇതിന് സമാനമാണ് സിസിടിവി ദൃശ്യങ്ങളിലെ ആളുകളുടെ രൂപമെന്നതാണ് കൂടുതൽ ആശങ്കയുളവാക്കുന്ന കാര്യം.
മാസങ്ങളോളം മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടും പരിസരവും ഒക്കെ നിരീക്ഷിക്കുന്ന രീതിയും ഇവർക്കുണ്ട്. ഇതിന് ശേഷമാണ് കൃത്യം നടപ്പാക്കുക. അതിനായി പ്രദേശത്ത് തന്നെ താങ്ങുകയെന്ന പതിവും ഇവർ വച്ച് പുലർത്തുന്നുണ്ട്. ആരും സംശയിക്കാത്ത രീതിയിൽ പകൽ സമയത്ത് മറ്റ് ജോലികളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട് ഇക്കൂട്ടർ.
മോഷണശ്രമം എതിർത്താൽ അതിക്രൂരമായി ആക്രമിക്കുന്ന ഇവരുടെ രീതിയാണ് ആളുകളെ ഏറെ ഭയപ്പെടുത്തുന്ന കാര്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന തമിഴ്‌നാടൻ ഗ്രാമങ്ങളും പ്രദേശങ്ങളുമാണ് ഇവരുടെ പ്രധാന ഒളിത്താവളങ്ങൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മോഷണത്തിന് ഇവർ അവലംബിക്കുന്ന രീതികളും വ്യത്യസ്‌തമാണ്. അർധരാത്രിയിൽ വീടിന് പുറത്ത് നിന്ന് കുട്ടികളുടെ കരച്ചിൽ കേൾപ്പിക്കുക, വീടിന് പുറത്തെ പൈപ്പ് പോലെയുള്ളവ തുറന്നിടുകയോ ഒക്കെ ചെയ്യുന്ന പതിവുണ്ട് ഇവർക്ക്. ഇത്തരം ശബ്‌ദം കേട്ടുണരുന്ന ആളുകളെ വീടിന് പുറത്തിറങ്ങിയാൽ സംഘം ക്രൂരമായി ആക്രമിക്കും, ശേഷമാവും അകത്തേക്ക് കടക്കുക.
ശരീരത്തിൽ എണ്ണയും കരിയും ഉൾപ്പെടെ പുരട്ടുന്നതിനാൽ തന്നെ ഇവരെ പിടികൂടുക എളുപ്പമല്ല. ഇതാണ് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു കാര്യം. ആലപ്പുഴയിൽ കുറുവ സംഘത്തിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള സംശയം ഉയർന്നതിനെ പിന്നാലെ വിവിധ ഇടങ്ങളിൽ രാത്രി പട്രോളിംഗും പരിശോധനയും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications