ആലപ്പുഴയിൽ ആരിഫിന് രണ്ടാമൂഴം; അനൗപചാരിക പ്രചാരണം തുടങ്ങി സിപിഎം, കോൺഗ്രസിൽ ധാരണയായില്ല
ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന മണ്ഡലമായ ആലപ്പുഴയിൽ എഎം ആരിഫ് തന്നെ സ്ഥാനാർത്ഥിയാകും എന്ന കാര്യം ഏകദേശം തീരുമാനമായതിന് പിന്നാലെ അനൗപചാരിക പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് എൽഡിഎഫ്. മണ്ഡലത്തിലെ മുന്നണി സംവിധാനം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം 26നോ 27നോ മാത്രമേ ഉണ്ടാകൂ.
എങ്കിലും നിയുക്ത സ്ഥാനാർഥി ഇന്ന് മുതൽ അനൗപചാരിക പ്രചാരണത്തിന് ഇറങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ നിശ്ചയിച്ച പരിപാടികളോടൊപ്പം തന്നെ വ്യക്തിഗത സന്ദർശനങ്ങളും നടത്തുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ശേഷം മാത്രമേ കൺവൻഷനുകളും മറ്റ് പരിപാടികളും നടക്കുകയുള്ളൂ.

ജില്ലയിലെ മറ്റൊരു ലോക്‌സഭാ മണ്ഡലമായ മാവേലിക്കരയിലെ സിപിഐ സ്ഥാനാർഥിയെ 26ന് പ്രഖ്യാപിക്കും. അതിന് ശേഷം അവിടെയും എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ തുടങ്ങുമെന്നാണ് സൂചന. എങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇവിടെയും പ്രാദേശികമായി പ്രവർത്തക യോഗങ്ങളും മറ്റും നേരത്തെ തുടങ്ങിയിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർഥിയായി എഐവൈഎഫ് നേതാവും മന്ത്രി പി പ്രസാദിന്റെ സ്‌റ്റാഫ് അംഗവുമായ സിഎ അരുൺ കുമാറാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരും ചർച്ചകളിൽ ഉയർന്നുവരുന്നുണ്ട്. കൊല്ലം, കോട്ടയം ജില്ലകളുടെ ഭാഗങ്ങളും മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ രണ്ട് ജില്ലാ കമ്മിറ്റികളുടെ നിർദേശങ്ങളും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിർണായകമാകും.
സിപിഐ സംസ്ഥാന കൗൺസിൽ, എക്‌സിക്യൂട്ടീവ് യോഗങ്ങൾ ഫെബ്രുവരി 26നാണ് ചേരുന്നത്. ഇതിന് ശേഷമാവും സ്ഥാനാർത്ഥി പ്രഖ്യാപനം. എൽഡിഎഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സിപിഐയ്ക്ക് നാല് സീറ്റുകളാണ് ലഭിച്ചത്. അതിൽ ഒരെണ്ണമാണ് മാവേലിക്കര. മറ്റൊരു പ്രധാന മണ്ഡലം തൃശൂരാണ്. ഇവിടെ മുൻ മന്ത്രി വിഎസ് സുനിൽ കുമാർ മത്സര രംഗത്ത് ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് എല്ലാ സീറ്റുകളിലും സിറ്റിംഗ് എംപിമാരെ ഇറക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. എന്നാൽ കഴിഞ്ഞ തവണ കൈവിട്ടുപോയ ആലപ്പുഴ മണ്ഡലത്തിൽ ഇക്കുറി ആരെ ഇറക്കണമെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവിൽ മുതിർന്ന നേതാവ് കെസി വേണുഗോപാലിനും യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനും സാധ്യത കൽപിക്കപെടുന്നുണ്ട്. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനം ആവുമെന്നാണ് സൂചന.












Click it and Unblock the Notifications