നിയമസഭയിലും, ലോക്‌സഭയിലുമായി മത്സരിച്ചത് മൂന്ന് വട്ടം; സമ്പൂർണ തോൽവി, ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് വഴികൾ
ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ചിത്രങ്ങളും ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ഇത്തവണ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലപ്പുഴ. ഇവിടെ കോൺഗ്രസും, ബിജെപിയും, സിപിഎമ്മും നേർക്കുനേർ ഏറ്റുമുട്ടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇക്കുറി ബിജെപി മണ്ഡലത്തിൽ രണ്ടും കൽപിച്ച് തന്നെയാണ് സ്ഥാനാർത്ഥിയെ ഇറക്കിയത്. പാർട്ടിയുടെ സ്‌റ്റാർ ക്യാംപയിനർ കൂടിയായ ശോഭ സുരേന്ദ്രനാണ് ഇത്തവണ മണ്ഡലത്തിലെ കടിഞ്ഞാൺ ഏൽപിച്ചിരിക്കുന്നത്. ബിജെപിയുടെ വനിതാ നേതാക്കളിൽ ഏറ്റവും കരുത്തയായ ശോഭാ സുരേന്ദ്രൻ പരമാവധി വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കളത്തിൽ ഇറങ്ങുന്നത്. സ്ഥാനാർത്ഥിയെ കുറിച്ച് കൂടുതൽ അറിയാം.

ശോഭാ സുരേന്ദ്രൻ രാഷ്ട്രീയ യാത്ര
ബാലഗോകുലത്തിലൂടെയാണ് ശോഭാ സുരേന്ദ്രന്റെ തുടക്കം. ബാലഗോകുലത്തിന്റെ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ മഗിനി പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചു. പിന്നീട് യുവമോർച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി, വിവേകാനന്ദ സേവാകേന്ദ്രം വൈസ് പ്രസിഡന്റ് , ബിജെപി സംസ്ഥാന സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചു. ദേശീയ നേർതൃത്വത്തിലേക്ക് എത്തിയ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ നേതാവ് കൂടിയായിരുന്നു ശോഭാ സുരേന്ദ്രൻ.
തിരഞ്ഞെടുപ്പ് നാൾവഴികൾ
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയുടെ സാധ്യതകൾ അനുസൃതമായി തന്നെയാണ് ശോഭാ സുരേന്ദ്രന്റെയും തിരഞ്ഞെടുപ്പ് ഫലങ്ങളും ബന്ധപ്പെട്ട് കിടക്കുന്നത്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഉൾപ്പെടെ ആകെ നാല് തവണയാണ് ശോഭ ജനവിധി തേടിയത്.
ഇതിൽ ഫലമറിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും തോൽവി ആയിരുന്നു ഫലം. ഇതിൽ രണ്ട് വട്ടം നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ശോഭാ സുരേന്ദ്രൻ മത്സരിച്ചത്. 2016ൽ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിനോടും, 2021ൽ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനോടും മത്സരിച്ചെങ്കിലും തോൽവി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രൻ മത്സരിച്ചിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലായിരുന്നു ജനവിധി തേടിയത്. ഇവിടെ അടൂർ പ്രകാശ് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ മൂന്നാം അങ്കവും പരാജയത്തോടെ അവസാനിച്ചു. ഇപ്പോഴിതാ വീണ്ടും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുമ്പോൾ ജയം തന്നെയാണ് ശോഭയുടെ ലക്ഷ്യം.
ഇത്തവണത്തെ പോരാട്ടം
ആലപ്പുഴ മണ്ഡലത്തിൽ സിറ്റിങ് എംപി എഎം ആരിഫും, മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലുമാണ് ശോഭാ സുരേന്ദ്രന്റെ എതിരാളികൾ. ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലത്തിൽ കൂടുതൽ വോട്ട് സമാഹരിക്കുക ലക്ഷ്യമിട്ടാണ് ശോഭയെ ബിജെപി കളത്തിൽ ഇറക്കിയത്. എന്നാൽ ജാതിയ്ക്കും മതത്തിനും അതീതമായി രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുക്കുന്ന വോട്ടർമാർ എങ്ങനെ ചിന്തിക്കുമെന്ന് അറിയാൻ ജൂൺ നാല് വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications