ആലപ്പുഴയിൽ എഎം ആരിഫിന് എതിരാളി കെസി വേണുഗോപാലോ? നേതൃത്വത്തെ മത്സരിക്കാൻ സന്നദ്ധത അറിയിച്ചു
ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ മത്സരചിത്രം ഏതാണ്ട് തെളിയുന്നു. മുതിർന്ന നേതാവും ഐഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ തന്നെ മണ്ഡലത്തിൽ മത്സരത്തിന് എത്തിയേക്കും എന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തെ മത്സരിക്കാനുള്ള സന്നദ്ധത കെസി വേണുഗോപാൽ അറിയിച്ചതായാണ് റിപ്പോർട്ട്.
സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്താൻ പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെസി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കെസി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കെസി ഇല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ മത്സരിക്കാൻ വേണുഗോപാൽ തന്നെ സമ്മതം മൂളിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സാധ്യത മങ്ങി. കഴിഞ്ഞ തവണ കെസി വേണുഗോപാൽ മണ്ഡലത്തിൽ നിന്ന് മാറി നിന്നതിന് ശേഷമാണ് യുഡിഎഫിന് തോൽവി പിണഞ്ഞത്. 2014 ഇവിടെ വെന്നിക്കൊടി പാറിച്ച കെസി സിറ്റിങ് എംപിയായ ആരിഫിനെതിരെ ഇറങ്ങുമ്പോൾ ഏറ്റവും മികച്ച മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി ഇത് മാറുമെന്ന് ഏതാണ്ട് ഉറപ്പാണ്.
കെസിയോ യുവരക്തം രാഹുൽ മാങ്കൂട്ടത്തിലോ ആലപ്പുഴയിൽ ഇറങ്ങുമെന്നായിരുന്നു ആദ്യഘട്ടത്തിൽ തന്നെ ലഭ്യമായ വിവരം. കഴിഞ്ഞ തവണ ആറന്മുള നിയമസഭാ മണ്ഡലത്തിൽ അവസാനം വരെ രാഹുലിന്റെ പേര് കോൺഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അത് മാറിമറയുകയായിരുന്നു.
എന്നാൽ ഇന്ന് പിണറായി സർക്കാരിനെയും, പോലീസിനെയും വെല്ലുവിളിച്ചുകൊണ്ട്, നേരിട്ട് സർക്കാരിനെതിരെ സമരം നയിച്ചതിന്റെ അനുഭവ പരിചയവും രാഹുലിന് മുതൽക്കൂട്ടാണ്. പക്ഷേ മത്സരിക്കാൻ കെസി സമ്മതം മൂളിയ സാഹചര്യത്തിൽ ഇനി രാഹുലിന് ഇക്കുറി സാധ്യതകൾ ഇല്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലും അടുത്ത ഒരാഴ്‌ചക്കുള്ളിൽ തീരുമാനമുണ്ടായേക്കും. വയനാട്ടിൽ മത്സരിക്കില്ലെന്ന സൂചന രാഹുൽ നൽകിയിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. അമേഠിയിലും രാഹുല്‍ മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യയിൽ നിന്ന് മാറി നിന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് അമേഠിയില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ രാഹുലിനെ പ്രേരിപ്പിക്കുന്നത്.
തോല്‍വിയില്‍ ഭയന്ന രാഹുലിന് മണ്ഡലത്തിലേക്ക് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ വെല്ലുവിളിക്കിടെയാണ് അമേഠിയിൽ വീണ്ടും ഒരങ്കത്തിന് രാഹുൽ ഒരുങ്ങുന്നത്. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ.












Click it and Unblock the Notifications