Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ തരംഗത്തിലും ഉലയാത്ത കപ്പൽ; ആലപ്പുഴ വീണ്ടും ഇടതിനെ തുണയ്ക്കുമോ? ചരിത്രം പറയുന്നത് ഇങ്ങനെ

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്, വീണ്ടും ഒരിക്കൽ കൂടി മുന്നണികളും രാഷ്ട്രീയ കക്ഷികളും കച്ചകെട്ടി ഗോദയിലേക്ക് ഇറങ്ങാൻ തുടങ്ങുന്നു. കേരളത്തിന്റെ കഴിഞ്ഞ നാളുകളിലെ രാഷ്ട്രീയ അന്തരീക്ഷം ഒരുപരിധി വരെ പ്രവചനാതീതമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊൻമ്പതും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിക്ക് കനിഞ്ഞു നൽകിയ പ്രബുദ്ധ വോട്ടർമാർ രണ്ട് വർഷം കഴിയും മുൻപേ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അധികാര തുടർച്ചയും നൽകി.

ഇതൊക്കെ കൊണ്ട് തന്നെ ഏറെ നിർണായകമായ ഒരു പൊതുതിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ആലപ്പുഴ മണ്ഡലവും ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ തവണ ഇടതുമുന്നണി ജയിച്ച ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ. അതുകൊണ്ട് തന്നെ വിജയം ആവർത്തിക്കാൻ ഉറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം പതിവിലും നേരത്തെയാക്കി സിപിഎം കളംപിടിച്ചു കഴിഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിലൂടെയും ഭൂമിശാസ്ത്രത്തിലൂടെയും ഒരു എത്തിനോട്ടം നടത്താം.

alappuzhahistory

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ഉൾപ്പെടുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലവും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.

ഒന്ന് കൂടി വിശദമായി പറഞ്ഞാൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വരെ നീണ്ടുനിവർന്നു കിടക്കുന്ന തീരദേശ ലോക്‌സഭാ മണ്ഡലമാണ് ഇത്. 2009 മുതലാണ് കരുനാഗപ്പള്ളി ഈ മണ്ഡലത്തിന്റെ ഭാഗമായത്. ടൂറിസത്തിന് അനന്തമായ സാധ്യത ഉള്ള ഇവിടെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷിയും മത്സ്യബന്ധനവും തന്നെയാണ് പ്രധാന ഉപജീവനമാർഗം.

തിരഞ്ഞെടുപ്പ് ചരിത്രം

1956ൽ സംസ്ഥാന രൂപീകരണത്തെ തുടർന്ന് അമ്പലപ്പുഴ മണ്ഡലമായി പുനക്രമീകരിച്ച ഭാഗമാണിത്. തുടർന്ന് 57ൽ നടന്ന തിരഞ്ഞെടുപ്പിൽ പിടി പുന്നൂസ് തെരഞ്ഞെടുക്കപ്പെട്ടു. ഐക്യ കേരള രൂപീകരണത്തിന് മുൻപും മണ്ഡലത്തിൽ നിന്ന് വിജയിച്ച പുന്നൂസിന് ഇത് രണ്ടാമത്തെ അവസരമായിരുന്നു. പിന്നീട് 1962ൽ പികെ വാസുദേവൻ നായരും 67ൽ സുശീല ഗോപാലനും ഇടതുപക്ഷത്തിന്റെ പാർലമെന്റ് അംഗങ്ങളായി. 71ലെ തിരഞ്ഞെടുപ്പിൽ ആർഎസ്‌പിയുടെ കെ ബാലകൃഷ്‌ണനാണ് ജയിച്ചത്.

എന്നാൽ പിന്നീട് അങ്ങോട്ട് വലതുപക്ഷത്തിന് തന്നെയായിരുന്നു ഇവിടെ മുൻതൂക്കം. 1977 മുതൽ 2019 വരെ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ എട്ടിലും വലതുപക്ഷമാണ് വെന്നിക്കൊടി പാറിച്ചത്. 77ൽ കോൺഗ്രസിന്റെ വിഎം സുധീരൻ, 80ൽ സിപിഎമ്മിന്റെ സുശീല ഗോപാലൻ, 84ലും 89ലും കോൺഗ്രസിലെ വക്കം പുരുഷോത്തമൻ, 91ൽ സിപിഐയിലെ ടിജെ ആഞ്ചലോസ്, 96 മുതൽ 99 വരെ തുടർച്ചയായി മൂന്നുതവണ വിഎം സുധീരൻ എന്നിങ്ങനെയായിരുന്നു ആലപ്പുഴയിലെ കഴിഞ്ഞ നൂറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ.

2004ൽ അട്ടിമറി വിജയത്തിലൂടെ കെഎസ് മനോജ് ആലപ്പുഴയെ സിപിഎം പാളയത്തോട് അടുപ്പിച്ചു. എന്നാൽ, തുടർന്ന് മനോജ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. തൊട്ടടുത്ത രണ്ടുതവണയും ഇടതുപക്ഷത്തിന് മണ്ഡലം കിട്ടാക്കനിയായി. 2009ലും 2014ലും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

2019ൽ ദേശീയ തലത്തിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി കെസി വേണുഗോപാൽ മത്സര രംഗത്ത് നിന്ന് മാറി നിന്നതോടെ ഒരിക്കൽ കൂടി മണ്ഡലം ചെങ്കൊടി പുൽകി. ആ തവണ എഎം ആരിഫ് ആയിരുന്നു സിപിഎം സ്ഥാനാർത്ഥി. എതിരാളിയായി കോൺഗ്രസ് ഇറക്കിയത് വനിതാ നേതാക്കളിലെ പ്രമുഖയായ ഷാനിമോൾ ഉസ്‌മാനീ ആയിരുന്നു.

80.25 ശതമാനമായിരുന്നു മണ്ഡലത്തിൽ നടന്ന പോളിങ്. ഇവിടെ ആകെ 10,88,728 വോട്ടുകൾ പോൾ ചെയ്‌തപ്പോൾ 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആരിഫ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാന് 4,35,496 വോട്ടും ബിജെപി സ്ഥാനാർഥിക്ക് 1,87,729 വോട്ടും ലഭിച്ചു.

ഈ തവണത്തെ തിരഞ്ഞെടുപ്പ്

ഇടതുപക്ഷത്തിന്റെ ഏക എംപിയായിരുന്ന ആരിഫിന് തന്നെയാണ് ഇക്കുറിയും നറുക്ക് വീണത്. കോൺഗ്രസിൽ നിന്ന് ശക്തനായ കെസി വേണുഗോപാൽ തന്നെ അങ്കത്തിന് ഇറങ്ങുമെന്നാണ് സൂചന. ബിജെപിക്ക് വേണ്ടി ഇറങ്ങുന്നതാവട്ടെ ശോഭ സുരേന്ദ്രനും. അതുകൊണ്ട് തന്നെ ഇക്കുറി പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. ത്രികോണ മത്സരം എന്ന് വിളിക്കാവുന്ന പോരാട്ടത്തിന് തന്നെ മണ്ഡലം സാക്ഷിയാവും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+