ലോക്‌സഭാ തിരഞ്ഞെടുപ്പ്; തോമസ് ഐസക് ആലപ്പുഴയിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി എഎം ആരിഫ്
ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ഡോ. ടിഎം തോമസ് ഐസക് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി എഎം ആരിഫ് എംപി രംഗത്ത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നാണ് ആരിഫ് പറയുന്നത്. ചർച്ചകൾ നടന്നുവെന്നുള്ള പ്രചാരണങ്ങളെ പേഡ് ന്യൂസ് ആയിട്ടാണ് കാണുന്നതെന്നും കേരളത്തിലെ സിപിഎമ്മിന്റെ ഒരേയൊരു ലോക്‌സഭാ എംപി കൂടിയായ ആരിഫ് വ്യക്തമാക്കി.
മുതിർന്ന നേതാക്കളായ തോമസ് ഐസക്കും ജി സുധാകരനും പാർലമെന്റിൽ വരാൻ യോഗ്യരാണ്. അതുകൊണ്ട് തന്നെ അവരുടെ പേരുകൾ പാർട്ടി ഘടകങ്ങൾ പരിശോധിക്കുന്നതിൽ യാതൊരു അപാകതയുമില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നും എഎം ആരിഫ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർത്ഥി ആരായാലും ആലപ്പുഴയിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കും. പ്രബലരായ രണ്ടുപേരെ ഒഴിച്ചുനിർത്തിയാണ് ആലപ്പുഴയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്. ആ ഘട്ടത്തിലും വലിയ വിജയമാണ് ആലപ്പുഴയിൽ എൽഡിഎഫിന് നേടാൻ സാധിച്ചത്. ആലപ്പുഴയിൽ എൽഡിഎഫിനുള്ള അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്നും ആരിഫ് വ്യക്തമാക്കി.
കെസി വേണുഗോപാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആലപ്പുഴയിൽ മത്സരിക്കാൻ ഇടയില്ലെന്നും ആരിഫ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെസി വേണുഗോപാലിനെതിരായ സ്ഥാനാർത്ഥിയായാണ് തന്നെ തീരുമാനിച്ചത്. ഡൽഹിയിൽ ഭാരിച്ച ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞാണ് അന്ന് വേണുഗോപാൽ പിന്മാറിയത്. ഇന്ത്യ മുന്നണിയുടെ കൺവീനറായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ഇപ്പോൾ ഇരട്ടിക്കുകയാണ് ഉണ്ടായത്. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം ഇപ്പോൾ ആലപ്പുഴയിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് ആരിഫ് പറയുന്നത്.
സിനിമാ താരം സിദ്ദിഖ് ആലപ്പുഴയിൽ മത്സരിച്ചേക്കുമെന്ന വാർത്തകളോടും ആരിഫ് പ്രതികരിച്ചു. ചലച്ചിത്രതാരം സിദ്ദിഖ് ആലപ്പുഴയിൽ മത്സരിക്കുമെന്ന വാർത്തകളോടും ആരിഫ് പ്രതികരിച്ചു. സിദ്ദിഖ് അരൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന പ്രചാരണങ്ങൾ നേരത്തെയും കേട്ടിരുന്നു. അദ്ദേഹം മത്സരിക്കണമെന്ന് ആവശ്യം മുന്നോട്ട് വച്ചില്ലെന്ന് സിദ്ദിഖ് തന്നെ പറഞ്ഞത് പിന്നീട് താൻ കേട്ടിരുന്നുവെന്നും ആരിഫ് ചൂണ്ടിക്കാട്ടി.
ആര് തന്നെ മത്സരിച്ചാലും ആലപ്പുഴയിൽ ഇടതുപക്ഷ സ്ഥാനാർഥി ജയിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പാർട്ടി വീണ്ടും മത്സരിക്കാൻ പറഞ്ഞാൽ താൻ മത്സരിക്കും. അതിൽ ഒരു തർക്കവുമില്ല. പാർട്ടി പഞ്ചായത്ത് അംഗമായി മത്സരിക്കാൻ പറഞ്ഞാലും പാർലമെൻറ് അംഗമായി മത്സരിക്കാൻ പറഞ്ഞാലും താൻ മത്സരിക്കുമെന്നും ആരിഫ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications