നെഹ്‌റു ട്രോഫി വള്ളംകളി; ഇത്തവണ പുന്നമടയിൽ മാറ്റുരയ്ക്കുക 19 ചുണ്ടൻമാർ, ടിക്കറ്റ് വിതരണം തുടങ്ങി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഓൺലൈൻ ടിക്കറ്റ് വിതരണത്തിന് സമാരംഭം. ആഗസ്‌റ്റ് 10ന് പുന്നമടക്കായലില്‍ വച്ചാണ് 70ആമത് നെഹ്‌റുട്രോഫി വള്ളം കളി നടക്കുന്നത്. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഈ വർഷത്തെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണമാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം കളക്ട്രേറ്റിൽ ജില്ല കളക്‌ടറുടെ ചേംബറിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആണ് നിർവഹിച്ചത്.
ഇത്തവണയും ആവേശം അല തല്ലുമെന്നാണ് ഇതുവരെയുള്ള മത്സര ചാർട്ടുകൾ നൽകുന്ന സൂചന. വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 73 വള്ളങ്ങളാണ്. ചുണ്ടന്‍ വിഭാഗത്തില്‍ 19 വള്ളങ്ങളും 54 ചെറു വള്ളങ്ങളുമാണ് ഇത്തവണ മത്സര രംഗത്തുള്ളത്.

ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. നെഹ്‌റുട്രോഫി വള്ളംകളിയിൽ മത്സരവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ശനിയാഴ്‌ചയോടെയാണ് പൂർത്തിയായത്.
അതിനിടെ എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊൻമാന് 'നീലു' എന്ന് പേരിട്ടു. എൻടിബിആർ സൊസൈറ്റി ചെയർപേഴ്‌സൺ കളക്‌ടർ അലക്‌സ് വർഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം പ്രമുഖ സിനിമാതാരം ഗണപതിയാണ് ഏറ്റുവാങ്ങിയത്.
നെഹ്‌റു ട്രോഫി വള്ളംകളി
കേരളത്തിലെ വള്ളംകളി മത്സരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നെഹ്‌റു ട്രോഫി വള്ളംകളി മത്സരം. എല്ലാ വര്‍ഷവും ആഗസ്‌റ്റിലെ രണ്ടാം ശനിയാഴ്‌ച നടത്തുന്ന ഈ വള്ളം കളി മത്സരത്തിന് പതിനായിരങ്ങളാണ് കാണികളായെത്തുക. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സര വള്ളംകളിക്ക് പുന്നമടക്കായലാണ് വേദിയാവാറുള്ളത്.
കഴിഞ്ഞ തവണ കടുത്ത മത്സരത്തിന് ഒരുവിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് ജലരാജാക്കന്മാരായത്. അഞ്ച് ഹീറ്റ്‌സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തി 4.21.22 മിനിറ്റിലാണ് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതെത്തിയത്. ഇത്തവണയും കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications