'മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, വിഭാഗീയത തിരിച്ചടിയായി'; സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിക്ക് പിന്നാലെ ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയരുന്ന വിമർശനങ്ങൾ തുടരുന്നു. ഏറ്റവും ഒടുവിൽ സിപിഎം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ആലപ്പുഴയിൽ നിന്നാണ് സർക്കാരിന് എതിരായ കടുത്ത വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്നാണ് കമ്മിറ്റിയിൽ ഉയർന്ന പ്രധാന ആവശ്യം.
നേരത്തെ മറ്റ് ജില്ലാ കമ്മിറ്റികളിലും സമാനമായ വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരുടെ പ്രവർത്തനത്തിലെ വീഴ്‌ചകളും തിരിച്ചടിക്ക് കാരണമായെന്നാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായം. പ്രത്യേകിച്ച് ധനവകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവയ്ക്ക് എതിരെ ആയിരുന്നു പ്രധാനമായും കമ്മിറ്റിയിൽ വിമർശനങ്ങൾ വന്നത്.

പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ലെന്ന് അഭിപായമുയർന്നു. പാർട്ടിയിലെ വിഭാഗീയതയെ കുറിച്ചുള്ള വലിയ ആശങ്കകളും കമ്മിറ്റിയിൽ ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. ജില്ലയിൽ തിരഞ്ഞെടുപ്പ് കാലത്തും വിഭാഗീയത കടുത്ത നിലയിലായിരുന്നു. ഇത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയത ആണെന്നാണ് കണ്ടെത്തൽ. ഇവ പരിഹരിക്കാൻ മുൻകൈ എടുക്കാതിരുന്ന പാർട്ടി ജില്ലാ സെക്രട്ടറിയും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. വിഭാഗീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി.
പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് എതിരെയും യോഗത്തിൽ എതിർപ്പ് ഉണ്ടായി. വെള്ളാപ്പള്ളിക്കെതിരെ തോറ്റ എംപി സ്ഥാനാർത്ഥി എഎം ആരിഫാണ് വിമർശനം ഉന്നയിച്ചത്. വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർത്ഥിക്കെതിരെയാണ് പറഞ്ഞത്. എന്നാൽ പിന്നീട് ഇഡിയെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ച ആരോപണത്തിൽ പറയുന്നു.
ജി സുധാകരന്റെ മോദി പ്രശംസയിലും വിമർശനം ഉയർന്നിരുന്നു. ജി സുധാകരന്റെ പേര് പറയാതെയായിരുന്നു പരോക്ഷ വിമർശനം. ഇതോടെ ആലപ്പുഴയിൽ ആരിഫിന്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ ശക്തമാവുകയാണ്. ഒരുഭാഗത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തര വിമർശനങ്ങൾക്ക് വിധേയമാകുന്ന സ്ഥിതിയാണ്.
മറ്റൊരു പ്രധാന കാര്യം ആലപ്പുഴയിലെ വിഭാഗീയത സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനമായി ഉയർന്നു എന്നതാണ്. ഹരിപ്പാടും കായംകുളത്തും പാർട്ടി പിന്നോട്ട് പോയത് ഈ വിഭാഗീയത കാരണമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതിനെ സാധൂകരിക്കുന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിന്റെ കണക്കുകൾ.
കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടുകളാണ് സിപിഎം സ്ഥാനാർത്ഥി എഎം ആരിഫിന് നഷ്‌ടമായത്. ബിജെപിക്ക് വേണ്ടി മത്സരിച്ച ശോഭ സുരേന്ദ്രനാവട്ടെ അത്രത്തോളം വോട്ടുകൾ തന്നെ കൂടുകയുണ്ടായി. ഇതോടെ ബിജെപിക്ക് സിപിഎം നേതാക്കൾ വോട്ട് മറിച്ചുവെന്ന പ്രചരണവും ജില്ലയിൽ ശക്തമാണ്.












Click it and Unblock the Notifications