നജ്‌ല കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്യുന്നത് ഭർത്താവ് ലൈവായി കണ്ടു? സിസിടിവി ഉണ്ടെന്ന് പോലീസ്
ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് മക്കളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നജ്‌ല കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്യുന്നത് ഭര്‍ത്താവ് റെനീസ് സിസിടിവി ക്യാമറയിലൂടെ തല്‍സമയം കണ്ടിരിക്കാമെന്ന് പോലീസിന്റെ നിഗമനം. റെനീസ് പോലീസുകാരനാണ്. റെനീസിന്റെ പീഡനവും പരസ്ത്രീ ബന്ധങ്ങളും കാരണമാണ് നജ്‌ല ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ആലപ്പുഴ എആര്‍ ക്യാമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. നജ്‌ല അറിയാതെ ക്വാര്‍ട്ടേഴ്‌സിലെ ഹാളില്‍ റെനീസ് സിസിടിവി സ്ഥാപിച്ചിരുന്നു. ഇത് റെനീസിന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുകയാണ് എന്നാണ് പോലീസ് കരുതുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സിസിടിവി ക്യാമറ കണ്ടെത്തിയത്. നജ്‌ല കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്ത കിടപ്പുമുറിയുടെ ദൃശ്യങ്ങളും പതിയുന്ന തരത്തിലാണ് സിസിടിവി.

അതുകൊണ്ട് തന്നെ നജ്‌ലയുടേയും കുഞ്ഞുങ്ങളുടേയും മരണം റെനീസ് ലൈവായി ഫോണില്‍ കണ്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ഫോറന്‍സിക് ലാബിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. മെയ് 9ന് ആണ് നജ്‌ല രണ്ട് മക്കളേയും കൊന്ന് ആത്മഹത്യ ചെയ്തത്. അന്ന് വൈകിട്ട് റെനീസിന്റെ കാമുകിയായ യുവതി ക്വാര്‍ട്ടേഴ്‌സില്‍ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യ എന്ന നിലയില്‍ തനിക്കും ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അവകാശമുണ്ടെന്ന് യുവതി നജ്‌ലയോട് പറഞ്ഞു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷമാണ് രാത്രി പത്ത് മണിയോടെ നജ്‌ലയുടെ ആത്മഹത്യ.
റെനീസിന് വട്ടിപ്പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസ്സ് ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബിസിനസ്സിന് വേണ്ടി നജ്‌ലയോട് കൂടുതല്‍ സ്ത്രീധനം ചോദിച്ച് നിരന്തരമായി റെനീസ് പീഡിപ്പിച്ചിരുന്നു. റെനീസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും ഒരു പള്‍സര്‍ ബൈക്കുമാണ് റെനീസിന് സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നത്. ഇത് പോരെന്ന് പറഞ്ഞ് നജ്‌ലയെ ഉപദ്രവിച്ചിരുന്ന റെനീസ് ഇടയ്ക്ക് ഭാര്യയെ ഇതിന്റെ പേരില്‍ വീട്ടിലേക്കും പറഞ്ഞയച്ചിരുന്നു. നിരന്തര ഉപദ്രവത്തെ തുടര്‍ന്ന് നജ്‌ലയുടെ കുടുംബം 20 ലക്ഷം രൂപ കൂടി റെനീസിന് നല്‍കിയിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications