ചേർത്തലയിൽ ഒത്തുകൂടി ക്വട്ടേഷൻ തലവൻമാർ; പിടികിട്ടാപ്പുള്ളി ഉൾപ്പെടെ പങ്കെടുത്തു, പോലീസ് ആശങ്കയിൽ
ആലപ്പുഴ: ചേർത്തലയിൽ ക്വട്ടേഷൻ-ഗുണ്ടാസംഘ തലവന്മാർ ഒത്തുകൂടിയതിന്റെ ഞെട്ടൽ മാറാതെ പോലീസ്. കൊലക്കേസ് പ്രതിയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാനാണ് വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ക്വട്ടേഷൻ- ഗുണ്ടാ തലവൻമാർ സംഘടിച്ചത്.
ഹരിപ്പാട്ടെ കൊലക്കേസ് പ്രതി, കനകക്കുന്നിലെ കാപ്പ കേസിലെ പ്രതി, കായംകുളത്തെ പിടികിട്ടാപ്പുള്ളി തുടങ്ങി ജില്ലയിലെ ഭരണകക്ഷി ബന്ധമുള്ള ക്വട്ടേഷൻ നേതൃത്വമാണ് മറ്റൊരു സംഘ തലവനായ പെരുമ്പാവൂർ അനസിന്റെ സംഘത്തിൽ ഉൾപ്പെട്ട ചേർത്തലയിലെ ഷാൻ എന്നയാളുടെ വീട്ടിൽ സംഘടിച്ചത്.

കരീലക്കുളങ്ങര സ്‌റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതിയായ രാഘിലിന്റെ ജന്മദിനാഘോഷത്തിന്റെ പേരിലാണ് ജില്ലയിലെ പ്രധാന ക്വട്ടേഷൻ സംഘ നേതാക്കൾ യോഗം ചേർന്നത്. സംഭവം പൊലീസിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.
കാപ്പ കേസിൽ ഉൾപ്പെട്ടതിനാൽ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള താറാവ് ശ്യാം, ആലപ്പുഴയിൽ കൊലക്കേസ് പ്രതിയായ ഷാരോൺ, കായംകുളത്ത് നവകേരള സദസിന്റെ സുരക്ഷ സേനയുടെ കുപ്പായം അണിഞ്ഞ് ക്വട്ടേഷൻ നടപ്പാക്കിയ കേസിലെ പിടികിട്ടാപ്പുള്ളിയായ അരുൺ എന്നിവർ ഷാനിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇത്രയധികം കേസുകൾ ഉണ്ടായിട്ടും പോലീസിന്റെ മുന്നിലൂടെ നിർബാധം സഞ്ചരിക്കുന്ന അരുണിനെ പിടിക്കാത്തതിന് പിന്നിൽ ഭരണകക്ഷിയിൽ നിന്നുള്ള സമ്മർദ്ദമാണെന്ന ആക്ഷേപത്തിന് അടിവരയിടുന്ന സംഭവമാണ് ഇതെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഇവരുടെ ജന്മദിനാഘോഷ പരിപാടി സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് സംഭവം അറിഞ്ഞത് പോലും.
പെരുമ്പാവൂരിലെ കൊടുംകുറ്റവാളിയായ അനസിന്റെ സംഘത്തിൽ ഉൾപ്പെട്ട ഷാനിന്റെ വീട്ടിൽ ഞായറാഴ്‌ച നടന്നത് ക്വട്ടേഷൻ ആസൂത്രണ യോഗമായിരുന്നോയെന്ന സംശയമാണ് പോലീസിനെ അലട്ടുന്നത്.
സംഭവത്തിന്റെ പിന്നാലെ പരിപാടിയിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ തേടി രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടികിട്ടാപുള്ളികളടക്കം ആഘോഷത്തിനായി ഒത്തുകൂടിയത് അറിയാതെ വന്നതോടെ പോലീസ് സേനയ്ക്ക് ആകെ നാണക്കേടായിരിക്കുകയാണ്.












Click it and Unblock the Notifications