വിവാഹാലോചന നിരസിച്ചതിന്റെ പക; ആലപ്പുഴയിൽ അഞ്ച് പേരെ വീട്ടിൽക്കയറി വെട്ടി, യുവാവ് പിടിയിൽ
ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ ഒരു കുടുംബത്തിന് മേൽ ഒന്നാകെ ഭീകരമായ ആക്രമണം അഴിച്ചുവിട്ട് യുവാവ്. ചെന്നിത്തല കാരാഴ്‌മയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പെൺകുട്ടി വിവാഹാലോചന നിരസിച്ചതിന് പിന്നാലെ യുവാവ് വീട്ടിൽക്കയറി അഞ്ച് പേരെ വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ രഞ്ജിത്ത് രാജേന്ദ്രനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കാരാഴ്‌മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മക്കളായ സുജിത്ത്, സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് ഇന്നലെ രാത്രി വീട്ടിനുള്ളിൽ വച്ച് വെട്ടേറ്റത്.

നേരത്തെ പ്രതിയായ രഞ്ജിത്ത് രാജേന്ദ്രൻ സജിനയെ വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ പിന്നീട് സജിന ഇതിൽ നിന്ന് പിന്മാറിയതോടെ വന്ന പകയെ തുടർന്നാണ് ഈ ആക്രമണം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ആക്രമണ പരമ്പര നടന്നതെന്നാണ് പോലീസ് അറിയിക്കുന്നത്.
ഇവിടെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന സജിനയെ പ്രതിയായ രഞ്ജിത്ത് വെട്ടുകത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സജ്‌നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും ഇയാൾ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് വിദേശത്ത് ജോലി ചെയ്യുന്ന സജിന നാട്ടിൽ എത്തിയത്. ഇതിന് പിന്നാലെയായിരുന്നു രഞ്ജിത്തിന്റെ ആക്രമണം. കുവൈത്തിൽ നഴ്‌സായി ജോലി ചെയ്‌തു വരുന്ന സജിനയുടെ ഭർത്താവിന്റെ മരണ ശേഷം രഞ്ജിത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ അത് നടക്കാത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications