കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടി, വാരിയെല്ലുകൾ പൂർണമായി തകർത്തു; സുഭദ്രയുടേത് അതിക്രൂര കൊലപാതകം
ആലപ്പുഴ: കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സുഭദ്രയുടെ പോസ്‌റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് നൽകുന്ന വിവരം അനുസരിച്ച് നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂര കൊലപാതകം ആണെന്നാണ്. വയോധികയുടെ ശരീരത്തിൽ മാരകമായ മുറിവുകളും ഒടിവുകളും ഉണ്ടായിരുന്നുവെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
സുഭദ്രയുടെ രണ്ട് ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കൂടാതെ കഴുത്ത്, കൈകൾ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നു മൃതദേഹത്തിന്റെ കിടപ്പ്. സുഭദ്രയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് കൈ ഒടിച്ചതെന്നാണ് സൂചന. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

ഏറ്റവും ഒടുവിൽ പുറത്തുവന്ന പോസ്‌റ്റുമോർട്ടം റിപ്പോർട്ടുകൾ വരെ ക്രൂര കൊലപാതകത്തിന് മുൻപ് വയോധിക നേരിടേണ്ടി വന്ന അതികഠിനമായ വേദനയിലേക്ക് വെളിച്ചം വീശുന്നതാണ്. പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് കൃത്യം നടപ്പാക്കിയതെന്ന് പോലീസ് പറയുന്നു. ഇത് സാധൂകരിക്കുന്ന ചില തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
പെട്ടെന്നുണ്ടായ പരിഭ്രമത്തിലോ മറ്റെന്തെങ്കിലും പ്രകോപനത്തിലോ ഉണ്ടായ കൊലപാതകമല്ലെന്ന നിഗമനത്തിലാണ് പോലീസ്. കാരണം കൊലപാതകത്തിന് മുൻപ് തന്നെ പ്രതികൾ വീടിനടുത്തായി കുഴി എടുത്തിരുന്നു എന്ന കണ്ടെത്തലാണ്. അങ്ങനെയെങ്കിൽ സ്വർണവും പണവും തട്ടിയെടുക്കാനായി വയോധികയെ ഇവിടേക്ക് എത്തിച്ചതാവാമെന്നും ശേഷം ജീവനെടുത്തതാവാമെന്നും പോലീസ് കരുതുന്നു.
വീടിന് പിന്നിൽ കുഴിയെടുത്ത വ്യക്തി തന്നെ ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാനാണെന്ന പേരിലാണ് പ്രതികളായ മാത്യുവും ശർമ്മിളയും തന്നെക്കൊണ്ട് പുറകുവശത്ത് കുഴിയെടുപ്പിച്ചത് എന്നാണ് ജോലിക്കാരൻ പറഞ്ഞത്. അന്ന് അവിടെ മറ്റൊരു പ്രായമായ സ്ത്രീയെ കണ്ടിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
രണ്ട് ദിവസം കഴിഞ്ഞ് കൂലി വാങ്ങാനായി വീണ്ടും അവിടേക്ക് ചെന്നപ്പോഴേക്കും ഈ കുഴി മൂടിയിരുന്നതായി ജോലിക്കാരൻ നൽകിയ മൊഴിയിൽ പറയുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. നിലവിൽ മാത്യുവും ശർമ്മിളയും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനടുത്ത് 'ശിവകൃപ'യിൽ സുഭദ്രയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കലവൂരിലെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. സുഭദ്രയുടെ സുഹൃത്തായ ഉഡുപ്പി സ്വദേശി ശർമ്മിളയും അവരുടെ പങ്കാളി മാത്യൂസും ഇതിന് പിന്നാലെ ഒളിവിൽ പോയിരുന്നു. ഇരുവരും ചേർന്ന് സ്വർണത്തിനും പണത്തിനും വേണ്ടി വയോധികയെ കൊലപ്പെടുത്തിയെന്നാണ് സംശയം.












Click it and Unblock the Notifications