ആലപ്പുഴയിൽ പന്നിപ്പനി പടരുന്നു; ഒരാഴ്‌ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 14 പേർക്ക്, ജാഗ്രത
ആലപ്പുഴ: ജില്ലയിൽ ആശങ്കയായി പന്നിപ്പനി ഭീഷണി പടരുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ 14 പേർക്കാണ് ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. ജില്ലയിൽ കാക്കകളിലും കൊക്കിലും പക്ഷിപ്പനി വ്യാപിക്കുന്നതിനിടെയാണ് മനുഷ്യരിൽ പന്നിപ്പനി (എച്ച് 1 എൻ 1) കൂടി പടരുന്നത്. പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് പന്നിപ്പനിക്കും ഉള്ളത്.
ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സ്രവ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുക. പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത ശേഷം തന്നെയാണ് ജില്ലയിൽ പന്നിപ്പനിയും വ്യാപകമാവുന്നത്. ഇതോടെ ആശങ്കയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. നിലവിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

നിലവിൽ ദിവസം ഒരു കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ മുഖാവരണം ധരിക്കാനാണ് ഡോക്‌ടർമാർ ഉൾപ്പെടെയുള്ളവർ നിർദ്ദേശിക്കുന്നത്. ലക്ഷണങ്ങൾ ഉള്ളവരും, പൊതുവിടങ്ങളിൽ സഞ്ചരിക്കുമ്പോഴും നിർബന്ധമായും മാസ്‌ക് ധരിക്കണെമന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
അതേസമയം, പക്ഷിപ്പനി ഭീതി ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഏറ്റവും ഒടുവിൽ കാക്കകൾക്കു പുറമേ പരുന്തിലും കൊക്കിലും ഉൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കാക്കകളിലെ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കേരളത്തിൽ ആദ്യമായാണ് പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ ചത്തുവീണ കാക്കകളിലായിരുന്നു ആദ്യം രോഗബാധ കണ്ടെത്തിയത്. ഇതിന് പുറമേ തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലാണ് കഴിഞ്ഞ ദിവസം പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ആശങ്ക വർധിക്കുകയാണ്.
നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്നുണ്ട്. കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുന്നതാണ് തിരിച്ചടിയെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു . മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ ചത്തുവീഴുന്ന പക്ഷികളുടെ സാമ്പിളുകൾ ആദ്യം തിരുവല്ലയിലെയും പിന്നീട് ഭോപ്പാലിലെയും ലാബിലേക്ക് അയച്ചാണ് വിദഗ്‌ധ പരിശോധന നടത്തിയ ശേഷം രോഗബാധ തിരിച്ചറിയുന്നത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകൾ വിദൂരമാണെങ്കിലും ഇത് പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications