കാമുകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതിയുമായി കടന്ന് കളഞ്ഞ് മുൻ ഭർത്താവ്, അന്വേഷണം ഊർജിതം
ആലപ്പുഴ: രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആലപ്പുഴ രാമങ്കിരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിനെയാണ് വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് ഗുരുതരമായി പരിക്കേറ്റു, ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ മുൻ ഭർത്താവായ സുബിൻ എന്ന കുക്കുവാണ് ബൈജുവിനെ വെട്ടിയതെന്ന് പോലീസ് പറയുന്നു.
ബൈജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേഴപ്ര സ്വദേശിയായ സുബിൻ വടിവാളുമായി ബൈജുവിന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നിട്ടാണ് കൃത്യം നടത്തിയത്. അതിന് ശേഷം തടയാൻ ശ്രമിച്ച ബൈജുവിന്റെ വീട്ടുകാരെയും നാട്ടുകാരെയും വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയാണ് യുവതിയുമായി ഇയാള്‍ കടന്നുകളഞ്ഞതെന്നാണ് സൂചന.

ഇന്നലെ രാത്രി 12 മണിയ്ക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് ഭാഷ്യം ഇങ്ങനെ: ഏറെ നാളുകളായി കലവൂര്‍ എഎന്‍ കോളനിയിലെ കുക്കുവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. എന്നാൽ ഇയാള്‍ യുവതിയെ നിരന്തരം മര്‍ദിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആലപ്പുഴ നെടുമുടിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് യുവതി താമസം മാറ്റിയത്.
കുക്കുവെന്ന സുബിന്റെ ദേഹോപദ്രവം കൂടി വന്നതോടെ ഇയാൾക്കെതിരെ യുവതി നെടുമുടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് രാമങ്കരിയിലെ വേഴപ്രയിലേക്ക് യുവതി താമസം മാറുന്നത്. അതിന് അടുത്ത് തന്നെയായിരുന്നു വെട്ടേറ്റ ബൈജുവിന്റെ വീട്. അവിവാഹിതനായ ബൈജുവുമായി യുവതി അടുപ്പത്തിലാവുകയായിരുന്നു.
ഇതോടെ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നു വീട്ടിൽ. ഈ വിവരമറിഞ്ഞതോടെ സുബിൻ ക്ഷുഭിതനായി ഇവിടേക്ക് വരികയായിരുന്നു. കമ്പിപ്പാര കൊണ്ട് വീടിന്റെ പൂട്ടും കതകും കുത്തി പൊളിച്ചാണ് ഇയാൾ അവിടേക്ക് കയറി ചെന്നത്. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും യുവാവിന്റെ കൈവശം ഉണ്ടായിരുന്നുവെന്നാണ് സൂചന.
ആദ്യം യുവതിയെ വെട്ടാനായിരുന്നു സുബിന്റെ ശ്രമം. ഈ വെട്ട് തടയാൻ ശ്രമിച്ചപ്പോൾ ബൈജുവിന്റെ ദേഹത്ത് കൊള്ളുകളായിരുന്നു. ബൈജുവിന്റെ കൈയ്ക്കും തലയ്ക്കും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തുടർന്ന് ഇവിടെ നിന്ന് യുവതിയെ മുടികുത്തിന്പിടിച്ച് വെള്ളം കയറിക്കിടക്കുന്ന പാടശേഖരത്തിലൂടെ വലിച്ചു കൊണ്ടുപോയെന്നാണ് ദൃക്‌സാക്ഷികൾ ഉൾപ്പെടെ പറയുന്നത്.
എന്നാൽ അടുത്തുള്ള ഇടങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും യുവതിയെയോ കാമുകനായ സുബിനെയോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ രാമങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിൽ പരിക്കേറ്റ ബൈജുവിന്റെ നില ഗുരുതരമാണെന്നാണ് വിവരം.


Click it and Unblock the Notifications