ഖാര്‍ഗെയെ മലര്‍ത്തിയടിച്ച ബാബുറാവു ബിജെപി വിട്ടു; രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസിലെത്തി

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയെ ഞെട്ടിച്ച് പ്രമുഖ നേതാവിന്റെ കൂറുമാറ്റം. ബിജെപി എംഎല്‍എ ബാബുറാവു ചിഞ്ചന്‍സുര്‍ ആണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രണ്ട് ദിവസം മുന്‍പാണ് ബാബുറാവു ബിജെപിയില്‍ നിന്ന് രാജിവെച്ചത്. കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സമയത്തുള്ള ഈ രാജി ബിജെപിക്ക് തിരിച്ചടിയാണ്.
രണ്ടാഴ്ച്ച മുമ്പ് മറ്റൊരു പ്രമുഖ നേതാവ് പുട്ടണ്ണയും ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇയാളും എംഎല്‍എയാണ്. കോണ്‍ഗ്രസില്‍ തന്നെയാണ് ഇയാള്‍ ചേര്‍ന്നത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഗുല്‍ബര്‍ഗയില്‍ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ബാബുറാവു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു ഖാര്‍ഗെ ഗുല്‍ബര്‍ഗയില്‍ നിന്ന് മത്സരിച്ചത്. ഇപ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയ അതേ നേതാവ് തന്നെ കോണ്‍ഗ്രസിലെത്തിയിരിക്കുകയാണ്. അതേസമയം ഉഗാഡി ദിനത്തിലായിരിക്കും കോണ്‍ഗ്രിലേക്ക് ബാബുറാവു എത്തുകയെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറയുന്നത്.
കര്‍ണാടകത്തിലെ പുതുവത്സര ദിനമാണിത്. ഖാര്‍ഗെയുടെ അതേ ജില്ലയില്‍ നിന്ന് തന്നെയുള്ള നേതാവാണ് ബാബുറാവു. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ശിവകുമാര്‍ പറഞ്ഞു.
ബാബുറാവു 2018 വരെ കോണ്‍ഗ്രസിലായിരുന്നു. സിദ്ധരാമയ്യ സര്‍ക്കാരില്‍ 2013 മുതല്‍ 2016 വരെ മന്ത്രിയുമായിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ബാബുറാവു ബിജെപിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് ഖാര്‍ഗെയെ പരാജയപ്പെടുത്തുന്നതില്‍ ബിജെപി സ്ഥാനാര്‍ഥി ഉമേഷ് ജാദവിനെ സഹായിക്കുകയായിരുന്നു.
ഖാര്‍ഗെയോട് അദ്ദേഹം കടപ്പാട് അറിയിച്ചു. അതേസമയം തന്റെ എല്ലാ സ്‌നേഹവും, കരുത്തും ഡികെ ശിവകുമാറിനോടായിരിക്കും. അദ്ദേഹം എനിക്ക് ചെയ്ത് തന്ന കാര്യങ്ങള്‍, അടുത്ത ഏഴ് ജന്മം എടുത്താലും മറക്കാനാവില്ലെന്ന് ബാബുറാവു പറഞ്ഞു.
കല്യാണ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന് 20 മുതല്‍ 25 സീറ്റ് വരെ ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തെലങ്കാന-ആന്ധ്രപ്രദേശുമായി കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്.
ബാബുറാവുവിന്റെ കരുത്ത് എന്താണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ഗെയുമായി തനിക്കുള്ള പോരാട്ടം പിതാവും മകനും തമ്മിലുള്ള പ്രശ്‌നം പോലെയാണ്. അതിപ്പോള്‍ പരിഹരിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications